പുതിയ മാധ്യമ നിയമ റെഗുലേഷൻസ് പുറപ്പെടുവിച്ചു; എല്ലാ മാധ്യമ സ്ഥാപനങ്ങളും ലൈസൻസ് സ്വന്തമാക്കണം
text_fieldsമസ്കത്ത്: ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് ഗതാഗത വാർത്തവിനിമയ വിവര സാങ്കേതിക മന്ത്രാലയം. നിയമത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്കനുസൃതമായി പുതിയതും ഉയർന്നുവരുന്നതുമായ ഡിജിറ്റൽ മാധ്യമങ്ങൾ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണമെന്ന് എക്സിക്യുട്ടിവ് നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.
മാധ്യമ നിയമത്തിന്റെ എക്സിക്യൂട്ടിവ് നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്നത് ഒമാനി മാധ്യമങ്ങളുടെ വികസനത്തിലെ നിർണായക ചുവടുവെപ്പാണെന്നും 58/2024 നമ്പർ റോയൽ ഡിക്രി നടപ്പിലാക്കുന്നതാണെന്നും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ ആധുനിക മാധ്യമ മേഖലയെക്കുറിച്ചുള്ള ഒമാന്റെ കാഴ്ചപ്പാട് ഇത് ഉൾക്കൊള്ളുന്നു.
ആഗോള മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിലും സോഷ്യൽ പ്ലാറ്റ്ഫോമുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കനുസൃതമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് വാർത്തക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. സർഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്ന, അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തവും സന്തുലിതവുമായ നിയമങ്ങൾ ചട്ടക്കൂട് സ്ഥാപിക്കുന്നു.
നിയന്ത്രണങ്ങൾ പ്രഫഷണലിസത്തിനും സുതാര്യതക്കും പ്രാധാന്യം നൽകുന്നുവെന്നും മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചക്കും വികസനത്തിനും മത്സരക്ഷമതക്കും പ്രോത്സാഹജനകമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉള്ളടക്ക സൃഷ്ടിയിലും മാധ്യമ നിർമാണത്തിലും ഒമാൻ യുവാക്കൾക്ക് വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നതിനൊപ്പം ബൗദ്ധിക സ്വത്തവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഇടയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിലും പങ്കുവഹിക്കുന്നു.
ദേശീയ സ്വത്വം സംരക്ഷിക്കുന്നതിനൊപ്പം ആവിഷ്കാര സ്വാതന്ത്ര്യം, പ്രഫഷണൽ ഉത്തരവാദിത്തം, ലോകത്തോടുള്ള തുറന്ന മനസ്സ് എന്നിവക്കിടയിലുള്ള സന്തുലിതാവസ്ഥയാണ് റെഗുലേഷൻസിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കൂടുതൽ പ്രമുഖവും ഫലപ്രദവുമായ ഒമാനി മാധ്യമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുൽത്താനേറ്റിലെ മാധ്യമ പ്രവർത്തനങ്ങളുടെയും എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന 144 ആർടിക്ൾ പുതുതായി പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ചട്ടങ്ങളിൽ ഉൾപ്പെടുന്നു. പ്രധാന വ്യവസ്ഥകൾ താഴെ കൊടുക്കുന്നു.
• അച്ചടിച്ചതും കലാപരമായതുമായ വസ്തുക്കൾക്കുള്ള ഇറക്കുമതി നിയന്ത്രണങ്ങൾ
• വാർത്താ മന്ത്രാലയത്തിൽ നിന്നു ലൈസൻസ് എപ്പോൾ ആവശ്യമാണ്, എപ്പോൾ ആവശ്യമില്ല എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ.
• മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ലൈസൻസിങ് നടപടിക്രമങ്ങൾ
• ലൈസൻസുള്ള മാധ്യമ പ്രഫഷണലുകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ
മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിയമത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്കനുസൃതമായി മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടണമെന്ന് നിയന്ത്രണം അനുശാസിക്കുന്നു.
മന്ത്രിതല പ്രമേയം നമ്പർ 342/2020ലെ ആർട്ടിക്കിൾ 2 അനുസരിച്ച്, ഈ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ലൈസൻസ് നേടിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കുന്നതിന് നടപ്പിലാക്കിയ തീയതി മുതൽ 180 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും.
നിയമത്തിന് കീഴിൽ വരുന്ന മാധ്യമ, പത്രപ്രവർത്തന പ്രഫഷണലുകൾ, മാധ്യമ പ്രഫഷണലുകളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ലൈസൻസിങ് വ്യവസ്ഥകളും പെരുമാറ്റ മാനദണ്ഡങ്ങളും എക്സിക്യൂട്ടിവ് നിയന്ത്രണങ്ങളിൽ വിശദീകരിക്കുന്നു.
ആർട്ടിക്കിൾ (89) അനുസരിച്ച്, സോഷ്യൽ മീഡിയ വഴി മാധ്യമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ലൈസൻസ് തേടുന്ന അപേക്ഷകർ ഒരു കൂട്ടം നിബന്ധനകൾ പാലിക്കണം. ഒമാനി പൗരനായിരിക്കുക, പൂർണ നിയമപരമായ ശേഷി ഉണ്ടായിരിക്കുക, പ്രവർത്തനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ വിശദാംശങ്ങൾ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അപേക്ഷയിൽ അക്കൗണ്ട് വിവരങ്ങൾ, ഫോളോവേഴ്സ് എണ്ണം, മന്ത്രാലയം ആവശ്യപ്പെടുന്ന ഏതെങ്കിലും അധിക ഡേറ്റ എന്നിവയും ഉൾപ്പെടുത്തണം.
മീഡിയ ഉള്ളടക്കത്തിന്റെ തരം ഉൾപ്പെടെയുള്ള അക്കൗണ്ടിന്റെ സമഗ്രമായ വിവരണം സമർപ്പിക്കണമെന്ന് ആർട്ടിക്കിൾ (90) വ്യവസ്ഥ ചെയ്യുന്നു. അപേക്ഷകർ അവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വിലാസത്തിന്റെയും യോഗ്യതകളുടെയും തെളിവ്, അതുപോലെ തന്നെ അപമാനം അല്ലെങ്കിൽ വിശ്വാസലംഘനം എന്നീ കുറ്റകൃത്യങ്ങൾക്ക് മുൻകൂർ ശിക്ഷ ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് എന്നിവ അറ്റാച്ചുചെയ്യണം. കൂടുതൽ രേഖകൾ വേണമെങ്കിൽ മന്ത്രാലയത്തിന് ആവശ്യപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

