അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍
text_fieldsമസ്കത്ത് പ്രൈവറ്റ് ഹോസ്പിറ്റൽ അധികൃതർ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: റോഡപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നയാളെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കൈപിടിച്ച് ഒമാനി ഡോക്ടര്‍. ടെവാര്‍ എന്നറിയപ്പെടുന്ന തൊറാസിസ് എന്‍ഡോവാസ്കുലാര്‍ അയോര്‍ട്ടിക് റിപയര്‍ എന്ന അതീവ സങ്കീര്‍ണമായ ജീവന്‍രക്ഷ ശസ്ത്രക്രിയയാണ് നടത്തിയത്. ഒമാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തിയതെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ബൗഷറിലെ മസ്കത്ത് പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ഇത്തരമൊരു അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അതീവ വൈദഗ്ധ്യവും നൂതന സാങ്കേതികവിദ്യയും രോഗപരിചരണത്തോടുള്ള പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിലൂടെ ആശുപത്രി പ്രകടിപ്പിച്ചത്.
ഏപ്രില്‍ 28നായിരുന്നു അപകടം. സംഭവത്തിൽ ഒരാള്‍ മരിക്കുകയും വാഹനം പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. 38കാരനായ മുംതാസ് അഹ്മദ് ആണ് ശസ്ത്രക്രിയക്ക് വിധേയനായത്. വാരിയെല്ലിനും നട്ടെല്ലിനും കരളിനും പരുക്കുണ്ടായിരുന്നു. ഹൃദയത്തിന് സമീപമുള്ള പ്രധാന രക്തധമനിയായ അയോര്‍ട്ടയില്‍ കീറലുണ്ടായിരുന്നു.
നൂതന സാങ്കേതികവിദ്യകളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് ഡോക്ടര്‍മാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, അതിഗുരുതരമായ പല പരുക്കുകളുമുള്ളതിനാല് അതുപേക്ഷിച്ചു. തുടര്‍ന്നാണ് മസ്കത്ത് പ്രൈവറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചത്. വിസിറ്റിങ് വാസ്കുലാര്‍, ട്രോമ സര്ജന് ഡോ. അഹ്മദ് അല്‍ ഔഫിയാണ് ശസ്ത്രക്രയിക്ക് നേതൃത്വം നല്‍കിയത്. മുറിഞ്ഞ ധമനി ശരിയാക്കാന്‍ രക്തധമനികളിലൂടെ സ്റ്റെന്റ് കടത്തിവിടുകയായിരുന്നു ആദ്യം.
കണ്‍സള്‍ട്ടന്റ് അനെസ്തേറ്റിസ്റ്റ് ഡോ. സഹ്റ, കാത്ത് ലാബ് ടീം, നഴ്സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റെയ്മണ്ട്, ഹാര്‍ട്ട് സെന്റര്‍ എച്ച്.ഒ.ഡി ഡോ. അംര്‍ ഹസന് തുടങ്ങിയവരുടെ സഹായമുണ്ടായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ സംഭവം നല്‍കുന്നതെന്ന് ഡോ. അല്‍ ഔഫി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

