ദോഫാറിൽ സദാ വിലായത്തിൽ പുതിയ ആശുപത്രി സ്ഥാപിക്കും
text_fieldsദോഫാർ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ വാർഷിക അവലോകന യോഗത്തിൽനിന്ന്
സലാല: ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിൽ പുതിയ ആശുപത്രി സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
2026 -2030 കാലയളവിലെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി സ്ഥാപിക്കുക. ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ആരോഗ്യ സേവനങ്ങൾ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആശുപത്രികൾ സ്ഥാപിക്കാനൊരുങ്ങുന്നത്. അടുത്തിടെ മഖ്ഷൻ, അൽ മസ്യൂന ആശുപത്രികൾ പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരുന്നുു. തഖ, മിർബാത്ത് എന്നിവിടങ്ങളിലെ ആശുപത്രികളുടെ വിപുലീകരണ പദ്ധതികളും പുരോഗതിയിലാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ദോഫാർ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിലിൽ നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർഷിക അവലോകന യോഗം വ്യാഴാഴ്ച ചേർന്നു. യോഗത്തിൽ വികസന പദ്ധതികളുടെ പുരോഗതിയും വിവിധ കമ്മിറ്റികളുടെ ഫോളോ-അപ് റിപ്പോർട്ടുകളും വിശദമായി ചർച്ച ചെയ്തു.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അധ്യക്ഷതവഹിച്ചു. കഴിഞ്ഞവർഷം നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, നിർമിത ബുദ്ധി (എ.ഐ) ഉപയോഗം വഴി പ്രാദേശികമായ ശാക്തീകരണം നൽകുക, കുട്ടികളുടെ സമഗ്ര വളർച്ചയുമായി ബന്ധപ്പെട്ട പരിപാടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യ -പരിസ്ഥിതി കമ്മിറ്റി, നിയമ കമ്മിറ്റി, സാമൂഹിക കാര്യ കമ്മിറ്റി എന്നിവയുടെ റിപ്പോർട്ടുകളും പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള മറുപടികളും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

