പുതുമിടിപ്പ് ; ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
text_fieldsദയമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘം
മസ്കത്ത്: ആരോഗ്യ രംഗത്ത് ചരിത്ര കുതിപ്പ് നടത്തി ഒമാൻ. പൂർണമായും ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതരമായ ഹൃദയസ്തംഭനം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഒരു ഒമാനി പൗരനാണ് മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽനിന്ന് ലഭിച്ച ഹൃദയം പുതുജീവൻ നൽകിയത്.ഈ സുപ്രധാന നേട്ടം ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിർണായക മുന്നേറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയുടെ മേൽനോട്ടത്തിലാണ് അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
ഈ വിജയം ഒമാന്റെ ആരോഗ്യമേഖലയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ്, മസ്തിഷ്ക മരണം സംഭവിച്ച ഒരു ദാതാവിൽനിന്നുള്ള ഹൃദയം മാറ്റിവെച്ചത് ഉയർന്ന വൈദ്യശാസ്ത്ര ധാർമ്മിക മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പറഞ്ഞു. ദേശീയ നിയമങ്ങൾക്കും അംഗീകൃത അന്താരാഷ്ട്ര മാർഗ നിർദേശങ്ങൾക്കും അനുസൃതമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടം ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മാത്രം കഠിനാധ്വാനത്തിന്റെ ഫലമല്ല. വിവേകശാലിയായ ഭരണാധികാരികളുടെ ദീർഘവീക്ഷണം, നമ്മുടെ ദേശീയ വൈദഗ്ധ്യത്തിന്റെ കഴിവ്, മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ ചിന്താഗതി എന്നിവയെല്ലാം ഇതിനുപിന്നിലുണ്ട്. നമ്മുടെ ആരോഗ്യ പ്രവർത്തകർ അവരുടെ കർത്തവ്യങ്ങൾ ഉയർന്ന തലത്തിലുള്ള കഴിവും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച് നിർവഹിക്കാൻ സജ്ജരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഇത് സുപ്രധാന ചുവടുവെപ്പാണെന്നും ഒമാന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നേട്ടമാണെന്നും ഡോ. ഹിലാൽ അൽ സബ്തി പറഞ്ഞു. വർഷങ്ങളായുള്ള പരിശീലനത്തിന്റെയും തയാറെടുപ്പിന്റെയും ഫലമാണിതെന്ന് റോയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ഖാസിം ബിൻ സാലിഹ് അൽ അബ്രി പറഞ്ഞു.ശസ്ത്രക്രിയക്ക് പിന്നിലെ കൂട്ടായ പ്രവർത്തനത്തെ ഡോ. അലാ ബിൻ ഹസ്സൻ അൽ ലവാതിയും പ്രശംസിച്ചു. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

