Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാജ ഓഫർ ലെറ്റർ,...

വ്യാജ ഓഫർ ലെറ്റർ, വിസിറ്റ് വിസ, മുൻകൂർ പണം... തൊഴിൽ തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

text_fields
bookmark_border
വ്യാജ ഓഫർ ലെറ്റർ, വിസിറ്റ് വിസ, മുൻകൂർ പണം... തൊഴിൽ തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ
cancel

ഒമാനിലേക്കുള്ള തൊഴിൽ സ്വപ്നം കണ്ട് എത്തുന്ന മലയാളികളിൽ പലരുടെയും പ്രതീക്ഷകൾ ഇന്ന് തട്ടിപ്പുകാരുടെ കൈകളിൽ തകരുകയാണ്. സോഷ്യൽ മീഡിയയും ഡിജിറ്റൽ സാങ്കേതിക വിദ്യയും ലോകത്തെ വിരൽത്തുമ്പിലെത്തിച്ച കാലത്തു പോലും വിദ്യാഭ്യാസമുള്ള നിരവധി യുവാക്കൾ ഇത്തരം തൊഴിൽ തട്ടിപ്പുകളുടെ വലയിലാകുന്നത് അതീവ നിരാശാജനകമാണ്. അടുത്തിടെ ഒമാനിൽ ശ്രദ്ധയിൽപ്പെട്ട ചില സംഭവങ്ങൾ ഈ ഭീഷണിയുടെ ഗൗരവം വ്യക്തമാക്കുന്നു.

മലപ്പുറം സ്വദേശിയായ ഒരു ബിരുദധാരി ഒമാനിലെ ഒരു പ്രമുഖ കമ്പനിയുടെ ഔദ്യോഗിക ലെറ്റർഹെഡിൽ ലഭിച്ച നിയമന ഉത്തരവുമായി ഒമാനിലെത്തി. എന്നാൽ കമ്പനിയിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അത്തരമൊരു ഒഴിവ് പ്രഖ്യാപിച്ചതേയില്ലെന്നും, ആ പേരിൽ ആരെയും നിയമിച്ചിട്ടില്ലെന്നും വ്യക്തമായി. ഓഫർ ലെറ്റർ പൂർണമായും വ്യാജമായിരുന്നു.

സമാന അനുഭവമാണ് കോട്ടയം സ്വദേശിയായ മറ്റൊരു ഉദ്യോഗാർഥിക്കും ഉണ്ടായത്. പ്രശസ്ത കമ്പനിയുടെ പേരും ലോഗോയും ഉപയോഗിച്ച് തയാറാക്കിയ രേഖകൾ വിശ്വസിച്ചാണ് അദ്ദേഹം യാത്ര തിരിച്ചത്. ഒടുവിൽ ഒമാനിലെത്തിയ ശേഷമാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം സ്വദേശിയായ ഒരു എൻജിനീയറിങ് ബിരുദധാരി നാട്ടിലെ ഒരു ജോബ് കൺസൾട്ടൻസിക്ക് ഏകദേശം ഒന്നര ലക്ഷം രൂപ നൽകി ഒമാനിലെത്തി. വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. പകരം ഒരു ചെറിയ സൂപ്പർമാർക്കറ്റിൽ പ്രതിമാസം 110 ഒമാനി റിയാൽ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവന്നു. ദിവസവും 12 മുതൽ 13 മണിക്കൂർ വരെ ജോലി. ഒരു ദിവസം അവധി എടുത്താൽ പോലും 15 റിയാൽ ശമ്പളത്തിൽ നിന്ന് കുറക്കും.

ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ 400 മുതൽ 500 റിയാൽ വരെ നൽകണമെന്ന് ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി ആളുകളെ ഒമാനിലെത്തിക്കുകയും പിന്നീട് വാഗ്ദാനം ചെയ്ത ജോലിയല്ലാത്തത് നൽകുകയും നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ വലിയ തുക ഈടാക്കുകയും ചെയ്യുന്ന പരാതികൾ വർധിച്ചുവരികയാണ്.

ഇതിനൊപ്പം മറ്റൊരു അപകടകരമായ പ്രവണതയും വ്യാപകമാണ്. ദുബൈയിൽ ഹെഡ് ഓഫിസും ഒമാനിൽ ബ്രാഞ്ച് ഓഫിസും ഉണ്ടെന്ന് അവകാശപ്പെടുന്ന ചില സ്ഥാപനങ്ങൾ കാനഡ, ആസ്ത്രേലിയ, നെതർലാൻഡ്‌സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വിസ ലഭ്യമാക്കാമെന്ന് പറഞ്ഞ് 500 മുതൽ 1,500 ഒമാനി റിയാൽ വരെ ഈടാക്കുന്നു. പണം കൈപ്പറ്റിയതിന് ശേഷം ഫോൺ നമ്പറുകൾ പ്രവർത്തന രഹിതമാകുകയോ ഓഫിസ് അടഞ്ഞു കിടക്കുകയോ ചെയ്യുന്നതാണ് പലരുടെയും അനുഭവം.

എന്തുകൊണ്ട് ആളുകൾ വഞ്ചിക്കപ്പെടുന്നു?

പലപ്പോഴും ഒരു ഇന്റർവ്യൂ പോലും നടത്താതെയാണ് നിയമന ഉത്തരവ് നൽകുന്നത്. വലിയ ശമ്പളം, സൗജന്യ താമസം, വിമാന ടിക്കറ്റ്, ഉടൻ ജോയിനിങ് തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടുന്നു. എന്നാൽ ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയും വിസിറ്റ് വിസയിൽ ആളെ ഒമാനിലെത്തിച്ച് പിന്നീട് തൊഴിൽ വിസയാക്കി മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യാറില്ല. അത്തരം ഓഫറുകൾ ലഭിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം.

തട്ടിപ്പ് തിരിച്ചറിയാൻ ചില സൂചനകൾ

ഇന്റർവ്യൂ ഇല്ലാതെ നേരിട്ട് നിയമന ഉത്തരവ്

അസാധാരണമായി ഉയർന്ന ശമ്പള വാഗ്ദാനം

വിസ, മെഡിക്കൽ, പ്രോസസ്സിങ് ഫീസ് എന്നീ പേരിൽ മുൻകൂർ പണം ആവശ്യപ്പെടൽ

വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ നിർദേശിക്കൽ

ജിമെയിൽ പോലുള്ള സാധാരണ ഇമെയിലുകളിൽ നിന്ന് ഓഫർ അയക്കൽ

വളരെ വേഗത്തിൽ തീരുമാനം എടുക്കാൻ സമ്മർദ്ദം

തട്ടിപ്പിൽ പെട്ടാൽ എന്ത് ചെയ്യണം?

ആദ്യം പണം അയച്ച രസീതുകൾ, ബാങ്ക് ട്രാൻസ്ഫർ രേഖകൾ, ചാറ്റുകൾ, ഇമെയിലുകൾ, ഓഫർ ലെറ്റർ, പാസ്പോർട്ട് പകർപ്പ് എന്നിവ സുരക്ഷിതമായി സൂക്ഷിക്കുക. ഒമാനിലാണെങ്കിൽ ഇന്ത്യൻ എംബസിയെ ഉടൻ സമീപിക്കുക.

ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഒമാനി അധികാരികൾക്ക് പരാതി നൽകുക. പാസ്പോർട്ട് പിടിച്ചുവെക്കൽ, നിർബന്ധിത ജോലി, ശമ്പളം നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുക.

ഇന്ത്യയിലാണെങ്കിൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മദദ് പോർട്ടൽ (MADAD Portal) വഴി പരാതി രജിസ്റ്റർ ചെയ്യാം. ഇത് വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഔദ്യോഗിക സംവിധാനമാണ്.

നോർക്ക റൂട്ട്സ് വഴി നിയമ സഹായം, പരാതി മാർഗ നിർദേശം, പ്രവാസി സേവനങ്ങൾ എന്നിവ ലഭ്യമാണ്. പ്രവാസി ലീഗൽ എയ്ഡ് സെൽ ഉൾപ്പെടെ വിവിധ സേവനങ്ങൾ നോർക്ക നൽകുന്നുണ്ട്.

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് വഴിയും ആവശ്യമായ സഹായങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിവിധ സർക്കാർ സേവനങ്ങളിലേക്കും പുനരധിവാസ പദ്ധതികളിലേക്കും കേരള പ്രവാസി മിഷൻ വഴി മാർഗനിർദേശം ലഭ്യമാണ്.

അവസാന വാക്ക്

ഒരു ഓഫർ ലെറ്റർ കണ്ടതുകൊണ്ട് മാത്രം അത് യഥാർഥമാണെന്ന് കരുതരുത്. ഒരു ഫോൺകോൾ, ഒരു ഇമെയിൽ പരിശോധന, അല്ലെങ്കിൽ ഒരു നിയമോപദേശം നിങ്ങളെ ലക്ഷങ്ങളുടെ നഷ്ടത്തിൽ നിന്നും രക്ഷിച്ചേക്കാം. വിദേശ ജോലി നമ്മുടെ ജീവിതം മാറ്റാം. എന്നാൽ ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കുകയും ചെയ്യും. അതിനാൽ, ആദ്യം പരിശോധിക്കുക... പിന്നെ മാത്രം യാത്ര തിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - New faces of employment fraud
Next Story