സുൽത്താനേറ്റിൽ പുതുയുഗ മുന്നേറ്റം
text_fieldsസുൽത്താൻ ഹൈതമിന് കീഴിൽ ‘ഒമാൻ വിഷൻ 2040’ ലേക്ക് ദൃഢനിശ്ചയത്തോടെ ഭരണമുന്നേറ്റം
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന് കീഴിൽ ഭരണ പുരോഗതിയുടെ കുതിപ്പിൽ ഒമാൻ. സത്യസന്ധതയും സുതാര്യതയും ശക്തിപ്പെടുത്തുക, സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കുക, സുസ്ഥിര വികസനത്തിനായി അടിത്തറ പാകപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘ഒമാൻ വിഷൻ 2040’ നടപ്പാക്കുന്നതിൽ ദൃഢനിശ്ചയത്തോടെ ഒമാൻ മുന്നേറുകയാണെന്ന് സംസ്ഥാന ധനകാര്യ-ഭരണ ഓഡിറ്റ് അതോറിറ്റിയുടെ ഉപാധ്യക്ഷ സഹ്റ മുഹമ്മദ് റിദ അൽ ലവാത്തി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. നിയമവാഴ്ച ഉറപ്പിക്കുകയും ഉത്തരവാദിത്ത നയം നടപ്പാക്കുകയും ചെയ്തതിലൂടെ സർക്കാർ സ്ഥാപനങ്ങളിലെ സുതാര്യതയും സത്യസന്ധതയും വർധിപ്പിക്കാനായതായും അവർ കൂട്ടിച്ചേർത്തു.
അഴിമതി ബോധ്യ സൂചികയിൽ ഒമാൻ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതായി അവർ വ്യക്തമാക്കി. 180 രാജ്യങ്ങൾ ഉൾപ്പെട്ട 2024ലെ ട്രാൻസ്പാരൻസി ഇന്റർനാഷണൽ സൂചികയിൽ 20 സ്ഥാനങ്ങൾ ഉയർന്ന് 50ാം സ്ഥാനത്താണ് ഒമാൻ. അറബ് ലോകത്തെ സ്ഥാനം: അറബ് രാജ്യങ്ങളിൽ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഒമാൻ. 2023ലെ കണക്കുപ്രകാരം ഒമാൻ 70ാം സ്ഥാനത്തായിരുന്നു.
മുൻകാലത്ത് സ്ഥാപിതമായ ആധുനിക സ്ഥാപനങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള ദൗത്യം സുൽത്താൻ ഏറ്റെടുത്തതായി സ്റ്റേറ്റ് കൗൺസിൽ അംഗം സയ്യിദ് ആദിൽ അൽ മുര്ദാസ് അൽ ബുസൈദി പറഞ്ഞു. സമഗ്ര സുസ്ഥിര വികസനം ലക്ഷ്യമിടുന്ന ‘ഒമാൻ വിഷൻ 2040’ യാണ് റോഡ്മാപ്പിന്റെ അടിസ്ഥാനം. നിയമ നിർമാണത്തിൽ സ്റ്റേറ്റ് കൗൺസിലും ശൂറാ കൗൺസിലും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണതലത്തിലെ ബ്യൂറോക്രസി കുറക്കാൻ ചില സ്ഥാപനങ്ങൾ ലയിപ്പിക്കുകയും ചില ചുമതലകൾ സ്വകാര്യ മേഖലയിലേക്ക് കൈമാറുകയും ചെയ്തതോടെ നടപടിക്രമങ്ങൾ ലളിതമായതായി അദ്ദേഹം പറഞ്ഞു. സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇ-പോർട്ടലുകളും ആധുനിക ആപ്പുകളും ആരംഭിച്ചതും ഭരണപ്രവർത്തനം കാര്യക്ഷമമാക്കി.
ആഭ്യന്തര നേട്ടങ്ങളോടൊപ്പം സജീവമായ വിദേശനയവും ഒമാന്റെ ദേശീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭാ നിർദേശങ്ങളും അടിസ്ഥാനമാക്കി പ്രാദേശിക-ആഗോള സ്ഥിരതക്കായുള്ള നയമാണ് ഒമാൻ പിന്തുടരുന്നത്. വിശ്വാസവും പരസ്പര ബഹുമാനവും നിലനിർത്തി ബന്ധം രൂപപ്പെടുത്തുന്നതിലും മധ്യസ്ഥതയിലൂടെയും സംഭാഷണാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെയും ഒമാൻ നിർണായക പങ്ക് വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

