വികസനത്തിന്റെ പുത്തൻ ചുവടുകളുമായി ഒമാൻ
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ പുത്തൻ വിഹായസ്സിലേക്ക് ഒമാൻ കുതിക്കുന്നു. 2020 ജനുവരി 11ന് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി ചുമതലയേറ്റ് ഇന്നേക്ക് മൂന്നാണ്ട് പിന്നിടുമ്പോൾ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള പുതുപാത വെട്ടിത്തെളിക്കാനുള്ള പ്രയത്നത്തിലാണ് സുൽത്താൻ. എണ്ണവിലയിലുണ്ടായ വർധന സാമ്പത്തിക രംഗത്ത് നവോന്മേഷമാണ് കഴിഞ്ഞ വർഷം പകർന്നുനൽകിയത്. സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ചാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. നവോത്ഥാനത്തിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഈ രാജ്യത്തിന്റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ ഭരണമേറ്റെടുത്ത അന്നുതന്നെ സുൽത്താൻ ഒമാനിലെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. സുൽത്താന്റെ നിസ്തുലമായ നേതൃപാടവത്തോടൊപ്പം പൗരന്മാരുടെ പരിപൂർണ പിന്തുണയോടെ രാജ്യം വെല്ലുവിളികളെ നേരിട്ട് പുരോഗതിയുടെ പുത്തൻ പടവുകളിലേക്ക് നടന്നുകയറുകയാണ്.
സാമൂഹിക സാമ്പത്തിക പദ്ധതികളുമായി മുന്നോട്ട്
വിഷൻ 2040ൽ പ്രചോദനം നേടി രാജ്യം സാമൂഹിക സാമ്പത്തിക പദ്ധതികളുമായി മുന്നോട്ടുനീങ്ങുകയാണ്. ഇതിന്റെ ഫലമായി സാമ്പത്തിക മേഖലയിലടക്കം മെച്ചങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം നേട്ടങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം അവസാനം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം 44.9 ശതകോടിയായി ഉയർന്നു. 2021നെക്കാൾ 32.4 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വർഷത്തെ ബജറ്റ് മിച്ചബജറ്റായിരുന്നു. 1.146 ശതകോടി റിയാലിന്റെ മിച്ചമായിരുന്നു ബജറ്റിൽ. 2021ൽ 1.550 ശതകോടി റിയാലിന്റെ കമ്മിയാണുണ്ടായിരുന്നത്.
പൊതുകടം തിരിച്ചടക്കാനായി
രാജ്യത്തിന്റെ പൊതുകടം തിരിച്ചടക്കാനും സർക്കാറിന് കഴിഞ്ഞ വർഷം സാധിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ പൊതുകടം 17.7 ശതകോടിയായി കുറക്കാൻ കഴിഞ്ഞു. 2021 അവസാനത്തിൽ രാജ്യത്തിന്റെ പൊതുകടം 20.8 ശതകോടി റിയാലായിരുന്നു. വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും സുൽത്താൻ മുന്തിയ പരിഗണനയാണ് നൽകുന്നത്. സാമ്പത്തിക തൊഴിൽ പ്രശ്നങ്ങൾക്കടക്കം സ്ഥായിയായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക മേഖലക്കുള്ള വളർച്ചക്കു വേണ്ടിയുള്ള ദേശീയ പദ്ധതികൾ, സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം, സർക്കാർ മേഖലയിലെ ഡിജിറ്റലൈസേഷൻ പദ്ധതികൾ, നിക്ഷേപ, കയറ്റുമതി പുരോഗതിക്കുള്ള ദേശീയ പദ്ധതികൾ, ദേശീയ തൊഴിൽ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടും. പുതിയ ബജറ്റിൽ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്കായി വൻ സംഖ്യയാണ് വകയിരുത്തിയത്.
വികസന പദ്ധതികൾക്ക് 1.2 ശതകോടി
പുതിയ ബജറ്റിൽ വികസന പദ്ധതികൾക്കായി 1.2 ശതകോടി റിയാലാണ് മൊത്തം വകയിരുത്തിയത്. ശാസ്ത്ര ഗവേഷണം അടക്കം നിരവധി മേഖലകളിൽ ഒമാൻ പുരോഗതി നേടിയിരുന്നു. ഗവേഷണ മേഖലയിലെ പുരോഗതിക്കായി നിരവധി പ്രോത്സാഹന പരിപാടികളും നടപ്പാക്കിയിട്ടുണ്ട്. വിവരസാങ്കേതിക മേഖലയിൽ ഒമാൻ വൻ നേട്ടമാണുണ്ടാക്കിയത്. ഈ മേഖലയിൽ രാജ്യാന്തര തലത്തിൽ 15ാം സ്ഥാനമാണ് ഒമാനുള്ളത്. വിദ്യാഭ്യാസ മേഖലയിൽ ലോകത്തെ മികച്ച 10 രാജ്യങ്ങളിലാണ് ഒമാൻ. ഭക്ഷ്യസുരക്ഷ, ഭക്ഷ്യ ഗുണനിലവാരം, ഭക്ഷ്യലഭ്യത തുടങ്ങിയ മേഖലയിലും ഒമാൻ ഉയർന്ന റാങ്കിലാണുള്ളത്.
നിക്ഷേപകരെ ആകർഷിച്ച് സാമ്പത്തിക നയതന്ത്രം
ലോകത്തിലെ മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വില കൽപിക്കുന്ന ഒമാന്റെ വിദേശനയം രാജ്യത്തിനും ജനങ്ങൾക്കും ഏറെ അനുഗുണമാണ്. രാജ്യത്തിന്റെ സാമ്പത്തിക നയതന്ത്രം വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായകമാവുന്നുണ്ട്. ഫ്രീ ഇക്കണോമിക് സോൺ, സ്വച്ഛമായ പരിസ്ഥിതി വിഭവങ്ങൾ, ഏറ്റവും മെച്ചപ്പെട്ട ഉപരിതല ഗതാഗത സൗകര്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകത എന്നിവയും നിക്ഷേപകരെ ആകർഷിക്കുന്നതാണ്.
ടൂറിസം മേഖലയും സാമ്പത്തിക നയതന്ത്രത്തിന് യോജിച്ചതാണ്. വൈവിധ്യം നിറഞ്ഞ പരിസ്ഥിതി, ബീച്ചുകൾ, പരമ്പരാഗത പ്രാധാന്യമുള്ള സ്ഥലങ്ങൾ, മ്യൂസിയങ്ങൾ, ആധുനിക സൗകര്യത്തോടെയുള്ള ആഡംബര ഹോട്ടലുകൾ എന്നിവയും സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവുന്നുണ്ട്. കഴിഞ്ഞ മൂന്നാം പാദം വരെ 18.14 ശതകോടിയായിരുന്നു ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. മുൻവർഷം ഇതേ കാലയളവിനെക്കാൾ 10.4 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ ഒമാന്റെ വിദേശ വ്യാപാരവും മുൻവർഷത്തെക്കാൾ 46.18 ശതമാനം വർധിച്ചു.
ജനങ്ങൾക്ക് കൈത്താങ്ങ്
എണ്ണവില വർധിക്കാതെ പിടിച്ചുനിർത്തിയതടക്കം നിരവധി മേഖലകളിൽ ജനങ്ങൾക്ക് ഏറെ ഉപകാരമുള്ള പദ്ധതികൾ കഴിഞ്ഞ വർഷം സുൽത്താനേറ്റ് നടപ്പിലാക്കി. ഭവന വായ്പകൾ വർധിപ്പിക്കൽ, ഇലക്ട്രിസിറ്റി, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവക്ക് സബ്സിഡി ഏർപ്പെടുത്തൽ തുടങ്ങിയവ ഇതിൽ ചിലതാണ്. സാമ്പത്തിക വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണയും സർക്കാർ നടത്തിയിരുന്നു.വിദേശത്ത് പഠിക്കുന്നവർക്കുള്ള സ്കോളർഷിപ് 25 ശതമാനം വർധിച്ചതും റിയാദ കാർഡുടമകളുടെ ബാങ്ക് വായ്പ എഴുതിത്തള്ളിയതും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

