മസ്കത്ത്: ദോഫാർ ഗവർണറേറ്റിെൻറ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്ത് സർവിസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് ദേശീയ പൊതുഗതാഗത കമ്പനി ട്വിറ്ററിൽ അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ യാത്രക്കാർക്ക് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായാണ് പുതിയ സർവിസ് തുടങ്ങുന്നത്. സലാലയിൽനിന്ന് മർമൂൽ, മസ്യൂന എന്നിവിടങ്ങളിലേക്കാകും സർവിസ് തുടങ്ങുക. മർമൂലിലേക്കുള്ള സർവിസിന് വാദി ഹരീത്, തുംറൈത്ത്, ഹർവീൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
തുംറൈത്ത്, ഹർവീൽ എന്നിവിടങ്ങളിലേക്ക് മൂന്നു റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റിന് 5.700 റിയാലും നൽകണം. ദിവസം ഒരു സർവിസ് ആകും ഉണ്ടാവുക. മർമൂലിൽനിന്ന് രാവിലെ 9.50ന് പുറപ്പെടുന്ന ബസ് 12.35ന് സലാലയിൽ എത്തും. തിരിച്ച് വൈകീട്ട് 3.20ന് പുറപ്പെടുന്ന ബസ് രാത്രി 6.15ന് മർമൂലിൽ എത്തും. മസ്യൂന സർവിസിന് വാദി ഹരീത്, തുംറൈത്ത്, മുദ്ദൈ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാവുക. തുംറൈത്ത് വരെ മൂന്നു റിയാൽ, മുദ്ദൈ വരെ മൂന്നര റിയാൽ, മസ്യൂന വരെ നാലു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾക്ക് യഥാക്രമം 5.700 റിയാൽ, 6.600 റിയാൽ, 7.500 റിയാൽ എന്നിങ്ങനെ നൽകണം.
സലാലയിൽനിന്ന് 9.45ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 1.25ന് മർമൂലിൽ എത്തും. തിരിച്ച് 2.30ന് പുറപ്പെടുന്ന ബസ് വൈകീട്ട് 6.10ന് സലാലയിൽ എത്തും.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിെൻറയും ഗതാഗതത്തിരക്ക് കുറക്കുന്നതിെൻറയും ഭാഗമായി സുഹാർ, സലാല ഗവർണറേറ്റുകളിൽ സിറ്റി റൂട്ടുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് നേരത്തേ അറിയിച്ചിരുന്നു. നിരവധി ആഭ്യന്തര റൂട്ടുകളിൽ മുവാസലാത്ത് അടുത്തിടെ ആഭ്യന്തര സർവിസുകൾ തുടങ്ങിയിരുന്നു. മസ്കത്തിൽനിന്ന് ബർക്ക, റുസ്താഖ്, സമാഇൗൽ, ഷന്ന-മസീറ, ഇബ്രി-ബുറൈമി, ദുകം-ഹൈമ റൂട്ടുകളിലാണ് പുതിയ സർവിസുകൾ ആരംഭിച്ചത്.
സൗജന്യ വൈഫൈയടക്കമുള്ള ആധുനിക ബസുകളാണ് ഇൗ റൂട്ടുകളിൽ സർവിസ് നടത്തുന്നത്.