ദിബ്ബയിൽ നെസ്റ്റൊ ഹൈപ്പർമാർക്കറ്റ്; പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
text_fieldsദിബ്ബ വിലായത്തിൽ നെസ്റ്റൊ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുടങ്ങുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ നെസ്റ്റൊ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുടങ്ങുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. മുസന്ദം ഗവർണർ ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് കമ്പനിയുമായി തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്. ദിബ്ബയിലെ വാലി, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്. മുസന്ദം ഗവർണറേറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ഒരു നാഴികക്കല്ലാണ് വരാൻ പോകുന്ന നെസ്റ്റോയുടെ പുതിയ ശാഖ.
വിലായത്തിൽ സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കുന്നതിനൊപ്പം, ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കന്നതിനുമായാണ് ഈ പങ്കാളിത്തം രൂപകൽപന ചെയ്തിരിക്കുന്നത്. ദിബ്ബ വിലായത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക, വാണിജ്യ, സേവന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തദ്ദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.
ചില്ലറ വിൽപ്പന മേഖലയിൽ ആരോഗ്യകരമായ മത്സരം വളർത്തുക, മത്സരാധിഷ്ഠിത വിലയിൽ ഉപഭോക്തൃ, ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, പ്രാദേശിക ഉറവിടങ്ങളിലൂടെയും വിതരണ സംരംഭങ്ങളിലൂടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണെന്ന് ഡയറക്ടർമാർ അറിയിച്ചു. ഈ പുതിയ ശാഖയുടെ ഉദ്ഘാടനത്തോടെ ദിബ്ബയിലും ചുറ്റുപാടുകളിലുമുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങളും വ്യത്യസ്തമായ ഷോപ്പിങ് അനുഭവങ്ങളും ലഭിക്കാനുള്ള മികച്ച അവസരമാണ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

