രാഷ്ട്രങ്ങൾ തമ്മിലെ പ്രശ്ന പരിഹാരത്തിന് വേണ്ടത് കൂടിയാലോചനകളുടെ വഴി
text_fieldsെഎ.െഎ.എസ്.എസ് ഉച്ച കോടിയിൽ സയ്യിദ് ബദർ അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: രാജ്യങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘർഷാവസ്ഥയല്ല മറിച്ച് നിർമാണാത്മകമായ കൂടിയാലോചനകളാണ് പരിഹാരമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. ബഹ്റൈനിൽ െഎ.െഎ.എസ്.എസ് ഉച്ച കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരമുള്ള സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നതിന് ഒമാൻ ഉദാഹരണമാണ്. ഒമാെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെട്ട രാജ്യങ്ങളോട് സംഘർഷത്തിന് പകരം നയതന്ത്രത്തിെൻറ പാതയാണ് സ്വീകരിച്ചത്. സംഭാഷണങ്ങളിലൂടെ ഇവരുമായി സമാധാനപരമായ ധാരണയിലെത്താനും ഇടപെടലുകൾ അവസാനിപ്പിക്കാനും സാധിച്ചു. ഇൗ മാർഗം മറ്റ് രാഷ്ട്രങ്ങളും പിന്തുടരുന്ന പക്ഷം രാഷ്ട്രീയപരമായ ഭിന്നതകൾക്ക് സമാധാനപരമായ പരിഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തെറ്റായ ധാരണകളെ മാറ്റിനിർത്തി സുരക്ഷിത മേഖലകൾക്ക് പുറത്തുനിന്ന് എല്ലാവരുമായും ഇടപെടലുകളും സംഭാഷണങ്ങളും നടത്തണം. ഇതുവഴി മാത്രമാണ് നല്ല ബന്ധങ്ങളും എല്ലാവരും തമ്മിൽ പരസ്പര വിശ്വാസവും കൈവരുകയുള്ളൂ. മേഖലയിൽ സുസ്ഥിരമായ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും ഇത് അനിവാര്യമാണ്. സമാധാനത്തിൽ അധിഷ്ഠിതമായ വിദേശനയമാണ് ഒമാൻ പിന്തുടർന്നുവരുന്നത്. ബഹിഷ്കരണവും തിരസ്കരണവും ഉപരോധവും തങ്ങളുടെ നയതന്ത്ര നിഘണ്ടുവിൽ ഉള്ള വാക്കുകൾ അല്ലെന്നും സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.
മേഖലയുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന ചില പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനുള്ള സന്നദ്ധത ഉയർന്നുവരുന്നത് സ്വാഗതാർഹമായ കാര്യമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഖത്തർ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കുവൈത്തിെൻറ ശ്രമങ്ങൾ ശുഭകരമായ ദിശയിൽ നീങ്ങുന്നുവെന്ന വാർത്തകൾ സന്തോഷകരമായ കാര്യമാണ്. വിഷയത്തിൽ സ്ഥിരമായ ധാരണയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബദർ അൽ ബുസൈദി പറഞ്ഞു.
ഒമാൻ മുമ്പത്തേക്കാൾ ഏറെ ബിസിനസ് സൗഹൃദമായതായും വിദേശകാര്യ മന്ത്രി ഉച്ചകോടിയിൽ പറഞ്ഞു. രാജ്യത്തിെൻറ സമ്പദ് ഘടന കൂടുതൽ തുറന്നുനൽകുന്നതിനായുള്ള വിഷൻ 2040 പദ്ധതിയുടെ ഭാഗമായി വ്യാപാര, നിക്ഷേപ, ടൂറിസം മേഖലകളിലും പരിഷ്കരണം നടപ്പിലാക്കും. രാജ്യത്തെ ബിസിനസ് സൗഹൃദമാക്കുന്നതിെൻറ ഭാഗമായി കൂടുതൽ സേവനങ്ങൾ ഇലക്ട്രോണിക്വത്കരിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷക്കാണ് മുൻഗണന നൽകേണ്ടത്. സ്ഫോടക വസ്തുക്കളെയും ബുള്ളറ്റുകളെയും പേടിക്കാത്ത ജീവിതം എന്നതിനെക്കാളുപരി ദാരിദ്ര്യത്തിലാണെന്ന ഭയമില്ലാതെ ജീവിക്കാൻ സാഹചര്യം ഒരുക്കുകയാണ് സുരക്ഷകൊണ്ട് ലക്ഷ്യമിടുന്നത്. സമാധാനത്തിനും സമൃദ്ധിയിലും ജീവിക്കുന്നവര്‍ മറ്റുള്ള പൗരന്മാരും അതുപോലെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. അവരുടെ ജീവിതം ഭദ്രമാക്കാൻ സംഭാവന നൽകണം. വിജയകരമായ ധനകാര്യ നയത്തിന് സാമൂഹിക സുരക്ഷ പ്രധാന ഘടകമാണെന്നും അൽ ബുസൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

