ഇബ്രി ഇന്ത്യൻ സ്കൂളിൽ അനാസ്ഥയെന്ന്; പ്രതിഷേധവുമായി രക്ഷിതാക്കൾ
text_fieldsഇബ്രി ഇന്ത്യൻ സ്കൂളിന്റെ അനാസ്ഥയാരോപിച്ച് പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയപ്പോൾ
ഇബ്രി: നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഓപൺ ഫോറം വിളിക്കാത്തതുൾപ്പെടെയുള്ള വിവിധ അനാസ്ഥകൾക്കെതിരെ ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂളിലെ വലുതും ചെറുതുമായ നിരവധി വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് നേരിട്ട് അഭിപ്രായം പറയാനുള്ള അവസരം നിഷേധിക്കുന്ന മാനേജ്മെന്റ് നടപടിയിൽ അതൃപ്തിയും രോഷവും രക്ഷിതാക്കൾ രേഖപ്പെടുത്തി. മുപ്പതോളം രക്ഷിതാക്കൾ ഒരുമിച്ച് സ്കൂൾ പ്രിൻസിപ്പലിനെക്കണ്ട് പ്രതിഷേധക്കുറിപ്പ് കൈമാറി.
എത്രയും പെട്ടെന്ന് ഓപൺ ഫോറം വിളിച്ചു കൂട്ടിയില്ലെങ്കിൽ കടുത്ത പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതേ മാനേജ്മെന്റിനെതിരെ മുമ്പ് സാമ്പത്തിക കെടുകാര്യസ്ഥത, എസ്.എം.സിയിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റൽ, അധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് ഡയറക്ടർ ബോർഡിന് പരാതി അയച്ചിട്ടും ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ല എന്നും രക്ഷിതാക്കൾ ആരോപിച്ചു.
അതേസമയം, രക്ഷിതാക്കളുടെ ന്യായമായ പരാതികളിൽ പരിഹാരം കാണുന്നതായിരിക്കുമെന്ന് സ്കുൾ മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജനുവരിയിൽ നടത്തിയ ഓപ്പൺ ഫോറത്തിൽ വളരെ കുറച്ച് രക്ഷിതാക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ അക്കാദമിക് വർഷത്തിന്റെ ഓപൺ ഫോറം ഈ മാസം നടത്താതിരിക്കുന്നതാണ്. പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചും വിശദീകരിക്കും. ഓരോ പരീക്ഷ കഴിയുമ്പോഴുമുള്ള ഓപൺ ഹൗസ് നടത്തുന്ന സമയത്ത് മാനേജ്മെന്റ് കമ്മിറ്റി ഗ്രീവൻസ് സെൽ നടത്തി പോരുന്നുണ്ട്. എല്ലാ വ്യാഴാഴ്ച്ചയും രക്ഷിതാക്കൾക്ക് സന്ദർശനത്തിനുള്ള അനുമതിയുമുണ്ട്.
പത്താം ക്ലാസിലെയും , 12-ാം തരത്തിലെയുമുള്ള വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്ക് മാത്രമായി ഓപൺ ഫോറം രണ്ടു തവണ നടത്തി. ഇതിനു മുമ്പുള്ള മീറ്റിങ്ങുകളിൽ ഉണ്ടായ ആരോപണങ്ങൾക്ക് മറുപടി പറയുകയും തെറ്റിദ്ധാരണകൾ നീക്കുകയും ചെയ്തതാണ്.ഇനിയും എപ്പോൾ വേണമെങ്കിലും മാനേജ്മെന്റ് കമ്മിറ്റിയെയോ പ്രിൻസിപ്പലിനെയോ വന്നുകാണാവുന്നതാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.