നീറ്റ് ഇന്ന്; പരീക്ഷ എഴുതുന്നത് 350ഓളം വിദ്യാർഥികൾ
text_fieldsമസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) മറ്റു രാജ്യങ്ങളോടൊപ്പം ഞായറാഴ്ച ഒമാനിലും നടക്കും. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷ കേന്ദ്രം. ഒമാൻസമയം 12.30നാണ് പരീക്ഷ ആരംഭിക്കുക. ഇത്തവണ 350ഓളം വിദ്യാർഥികൾ പരീക്ഷ ഏഴുതുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ വർഷം 300ന് മുകളിൽ വിദ്യാർഥികൾ ഒമാനിൽനിന്ന് പരീക്ഷ എഴുതിയിരുന്നു. പരീക്ഷാർഥികൾ ഒമാൻ സമയം 9.30മുതൽ റിപ്പോർട്ട് ചെയ്യണം. ഉച്ചക്ക് 12മണിക്ക് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി തയാറെടുപ്പുകൾ നടത്തണം. ഇൻഫർമേഷൻ ബുള്ളറ്റിൻ, സിറ്റി ഇൻറിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.
ചോദ്യക്കടസാലിൽ മൊത്തം 180 ചോദ്യങ്ങളേ ഉണ്ടാവൂ. എല്ലാം നിർബന്ധമാണ് (കഴിഞ്ഞവർഷം 200 ചോദ്യങ്ങൾ നൽകിയിരുന്നു. 180 എണ്ണത്തിന് ഉത്തരം നൽകണമായിരുന്നു). പരീക്ഷാദൈർഘ്യം മൂന്നു മണിക്കൂർ ആയിരിക്കും (കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ 20 മിനിറ്റ് ആയിരുന്നു).പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും (പേജ് 57, 60) അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമേ കൈവശമുണ്ടാകാൻ പാടുള്ളൂ.
ഏറെ കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായിട്ട് പരീക്ഷ കേന്ദ്രം അനുവദിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 600ൽ അധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
പരീക്ഷക്കായി വിദ്യാർഥികൾ ബുറൈമി,സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമാണ് താമസിക്കുന്നത്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്കു പുറമെ ദുബൈ, അബൂദബി, ഷാർജ, ദോഹ, റിയാദ്, മനാമ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലടക്കം വിദേശത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലെ എട്ട് പരീക്ഷ കേന്ദ്രങ്ങളിലായി എണ്ണായിരത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

