നീറ്റ് പുനഃ പരീക്ഷ അനിശ്ചിതത്വം: പ്രവാസി വിദ്യാർഥികളുടെ ആശങ്കയിൽ അടിയന്തര ഇടപെടൽ വേണം- ആർ.എസ്.സി
text_fieldsമസ്കത്ത്: നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പുനഃപരീക്ഷ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പ്രവാസി വിദ്യാർഥികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ ഏഴുതിയ ഗൾഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷക്കു ശേഷം നാട്ടിലേക്ക് പോയി. നിലവിൽ ഇന്ത്യയിലുള്ള വിദ്യാർഥികൾക്ക് അവരുടെ ആവശ്യമനുസരിച്ച് നാട്ടിലെ കേന്ദ്രങ്ങളിൽ പരീക്ഷാ അനുമതി ലഭിക്കുമോ എന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നുണ്ട്.
ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഗൾഫ് സെക്ടറിൽ ഈടാക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പ്രവാസി കുടുംബങ്ങൾക്ക് വലിയ മാനസിക, സാമ്പത്തിക, അക്കാദമിക് സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തര ഇടപെടലും വ്യക്തതയും ആവശ്യപ്പെട്ട് ആർ.എസ്.സി, നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രവാസി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുകയും അവരുടെ ആവശ്യമനുസരിച്ചുള്ള പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്യണമെന്ന് ആർ.എസ്.സി ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി പുതിയ പരീക്ഷ തീയതി, ഫലം, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തമായ ഷെഡ്യൂൾ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും, ലക്ഷക്കണക്കിന് മെഡിക്കൽ സ്വപ്നങ്ങളുള്ള വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും, സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും അടിയന്തര നടപടികൾ കൈക്കൊണ്ട് പരീക്ഷാ സംവിധാനത്തിലേക്കുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കണമെന്നും ആർ.എസ്.സി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

