നീറ്റ് പരീക്ഷ: സമ്മിശ്ര പ്രതികരണം
text_fieldsമസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന നീറ്റ് പരീക്ഷക്കായി വീൽചെയറിൽ എത്തുന്ന വിദ്യാർഥി
–വി.കെ. ഷെഫീർ
മസ്കത്ത്: ഒമാനിൽ നീറ്റ് പരീക്ഷ എഴുതിയത് 300ൽ പരം വിദ്യാർഥികൾ. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. 12.30ന് ആരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷയെ കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക ആളുകൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
സൂർ, സലാല, ബുറൈമി എന്നിവിടങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ വെള്ളി, ശനി ദിവസങ്ങളിലായി പരീക്ഷക്കായി മസ്കത്തിൽ എത്തിയിരുന്നു. ബന്ധുവീടുകളിലും മറ്റുള്ളവർ ഹോട്ടലുകളിലുമായിരുന്നു തങ്ങിയത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.കഴിഞ്ഞ വർഷം 269പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, തലസ്ഥാന നഗരിയിലേക്ക് എത്തിപ്പെടാൻ പ്രയാസമാണെന്നും രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ ഒരു പരീക്ഷകേന്ദ്രം കൂടി അനുവദിക്കണമെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തര ആവശ്യത്തെത്തുടർന്ന് ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയായിരുന്നു.

