നീറ്റ് കേന്ദ്രം പുനഃസ്ഥാപിക്കൽ; ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ നിവേദനവുമായി രക്ഷിതാക്കൾ
text_fieldsമസ്കത്ത്: ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ നിവേദനവുമായി രക്ഷിതാക്കൾ. വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾ അംബാസഡർ അമിത് നാരങ്ങിന് നിവേദനം സമർപ്പിച്ചത്. വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായതെന്ന് കൈരളി ഒമാന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിമാനയാത്രക്കൂലിയും വൻതോതിൽ വർധിച്ചിരിക്കുന്നു. നീറ്റ് പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം നിർത്തലാക്കിക്കൊണ്ടു പൊടുന്നനെ എത്തിയ തീരുമാനം വിദ്യാർഥികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തിൽനിന്നും പിന്തിരിയണമെന്നും ഒമാനിലെ നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും, വിഷയം ഉടൻ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നീറ്റ് അധികൃതരെയും അറിയിക്കുമെന്നും അംബാസഡർ ഉറപ്പുനൽകിയതായി രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കൈരളി ഒമാൻ പ്രവർത്തകരായ സുധി പത്മനാഭൻ, ഷാജി സെബാസ്റ്റ്യൻ, മനോജ് പെരിങ്ങേത്ത്, വി.എം.അരുൺ, മിഥുൻ മോഹൻ തുടങ്ങിയവർ അറിയിച്ചു. മസ്കത്തിൽ പരീക്ഷാകേന്ദ്രം പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി കൂടുതൽ ഇടപെടലുകൾക്ക് കൈരളി ഒമാൻ നേതൃത്വം നൽകുമെന്ന് രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.
വിഷയത്തിൽ അടിയന്തര ഇടപ്പെടൽ ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധിയായ കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിലും അംബാസഡർക്ക് നിവേദനം നൽകി.
300ല് അധികം രക്ഷാകര്ത്താക്കൾ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനും ആവശ്യത്തിനും മുൻഗണന നൽകി കൂടുതൽ പ്രായോഗിക സമീപനം സ്വീകരിക്കാൻ നടപടിയെടുക്കണമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് കൃഷ്ണേന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

