ഖുറമിൽ ഇന്ന് നാവിക പ്രദർശനം
text_fieldsമസ്കത്ത്: ഖുറം ബീച്ചിൽ വെള്ളിയാഴ്ച വൈകീട്ട് റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ നാവിക പ്രദർശനം നടക്കും. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. ഖുറം തീരക്കടലിൽ നടക്കുന്ന പ്രദർശനത്തിൽ റോയൽ നേവി ഓഫ് ഒമാനിന്റെയും ജി.സി.സി കപ്പലുകളുടെയും പ്രദർശനമുണ്ടാകും.
ഒമാനിന്റെ നാവിക കരുത്തും മേഖലയിലെ സൗഹൃദരാജ്യങ്ങളുമായുള്ള സഹകരണവും തെളിയിച്ച് 41 കപ്പലുകൾ പ്രദർശനത്തിന്റെ ഭാഗമാവും. റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകൾക്കും യൂനിറ്റുകൾക്കും പുറമെ, സുൽത്താന്റെ യാട്ടും പ്രദർശനത്തിലെത്തും. ജി.സി.സി അംഗരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അണിനിരക്കും. വൈകീട്ട് നാലു മുതൽ 10 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. ബീച്ചിൽ വലിയ സ്ക്രീനുകളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യും. ഇതോടനുബന്ധിച്ച് ലേസർ ഷോകൾ, സ്കൗട്ട്, തുടങ്ങിയ വിവിധ പരിപാടികളും ബീച്ചിൽ ഒരുക്കും.
ഖുറമിൽ പാർക്കിങ് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അൽ അറൈമി കോംപ്ലക്സ്, ഖുറം പാർക്ക്, ചിൽഡ്രൻസ് മ്യൂസിയം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കും. ശനിയാഴ്ച വൈകീട്ട് മൂന്നുവരെ ഗതാഗതനിയന്ത്രണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

