പ്രകൃതി വാതക രംഗത്തെ ഓഹരികൾ വിറ്റഴിക്കൽ; വാർത്തകൾ അടിസ്ഥാനരഹിതമെന്ന്
text_fieldsമസ്കത്ത്: പ്രകൃതി വാതകരംഗത്തെ ഓഹരികൾ വിറ്റഴിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ദേശീയ ആസ്തികൾ വികസിപ്പിക്കുന്നതിലും അവയുടെ വരുമാനം പരമാവധിയാക്കുന്നതിലും അധിഷ്ഠിതമായ ദീർഘകാല തന്ത്രം തുടർന്നും നടപ്പിലാക്കുമെന്ന് ഊർജ, ധാതു മന്ത്രാലയം വ്യക്തമാക്കി.
സുസ്ഥിരതയുടെയും ധനസഹായത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിലെ മികച്ച രീതികൾക്ക് അനുസൃതമായി വാതക മേഖലകളിലെ പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നത് മന്ത്രാലയം തുടർന്നും പ്രതിജ്ഞബദ്ധമാണെന്ന് ഊർജ, ധാതു മന്ത്രാലയത്തിലെ എണ്ണ, വാതക പര്യവേക്ഷണ, ഉൽപാദന ഡയറക്ടർ ജനറൽ ഡോ. സാലിഹ് ബിൻ അലി അൽ അൻബൂരി പറഞ്ഞു. പ്രകൃതിവാതക പാടങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ചും ഡയറക്ടർ ചൂണ്ടിക്കാട്ടി.തന്ത്രപ്രധാനമായ ദേശീയ ആസ്തികളുടെ ഉടമസ്ഥതയിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യാതെ, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും ആഗോള സാങ്കേതിക, നിക്ഷേപ വൈദഗ്ധ്യം ആകർഷിക്കാനും മന്ത്രാലയം താൽപര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുൽത്താനേറ്റിന്റെ താൽപര്യങ്ങൾ നിറവേറ്റുന്നതിനും ഊർജ മേഖലയിലെ വിശ്വസനീയമായ ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനും എല്ലാ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായും ഏകോപിപ്പിക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.ഏകദേശം 8 ബില്യൺ ഡോളർ വിലമതിക്കുന്ന പ്രകൃതിവാതക ആസ്തികളിലെ ഒരു ഓഹരി വിൽക്കാൻ ഒമാൻ ശ്രമിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലോക്ക് 6ലെ പാടത്തെ കുറഞ്ഞ ഓഹരികൾക്കായി എനർജി ഡെവലപ്മെന്റ് ഒമാൻ എന്ന സ്ഥാപനം പങ്കാളികളെ തേടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

