ഖസ്സാൻ ഗ്യാസ് ഫീൽഡിൽ പ്രകൃതിവാതക ഉൽപാദനം ആരംഭിച്ചു
text_fieldsമസ്കത്ത്: ഖസ്സാൻ ഗ്യാസ് ഫീൽഡിെൻറ ആദ്യഘട്ടത്തിൽനിന്ന് ഉൽപാദനം ആരംഭിച്ചതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയവും ബ്രിട്ടീഷ് പെട്രോളിയവും അറിയിച്ചു. പ്രകൃതിവാതക ഉൽപാദന മേഖലയിൽ ഒമാന് വലിയ മുന്നേറ്റത്തിന് തന്നെ വഴിയൊരുക്കുന്ന ഖസ്സാൻ അൽ ദാഹിറ ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് പെട്രോളിയവും ഒമാൻ ഒായിൽ കമ്പനി എക്സ്പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷനും സംയുക്തമായാണ് ഇവിടെ ഉൽപാദനത്തിെൻറ ചുമതല നിർവഹിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഖസ്സാനിൽനിന്ന് ഉൽപാദനം ആരംഭിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി പറഞ്ഞു. നിർണിതമായ തുക ചെലവഴിച്ച് ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞു. കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തുന്നതിനും അതുവഴി രാജ്യത്തിെൻറ ഉൗർജാവശ്യത്തിന് ആവശ്യമായത്ര വാതകം ഉൽപാദിപ്പിക്കാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പ്രത്യാശിച്ചു.
ബ്രിട്ടീഷ് പെട്രോളിയത്തിെൻറ ഇൗ വർഷത്തെ ആറാമത്തെയും ഏറ്റവും വലുതുമായ പദ്ധതിയാണ് ഖസ്സാനിൽ നിന്നുള്ള വാതക ഉൽപാദനമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ബോബ് ഡ്യുഡ്ലി പറഞ്ഞു. ഇവിടെ കൂടുതൽ വികസന പദ്ധതികൾ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഒമാന് വരുന്ന ദശകങ്ങളിലേക്ക് ആവശ്യമായത്ര വാതകം ഇവിടെനിന്ന് ലഭ്യമാകും. ഇൗ വർഷം ഏഴ് പ്രധാനപ്പെട്ട പദ്ധതികൾക്ക് ബ്രിട്ടീഷ് പെട്രോളിയം തുടക്കമിടും.
2020ഒാടെ പുതിയ പദ്ധതികളിൽനിന്ന് പ്രതിദിനം എട്ടുലക്ഷം ബാരൽ ക്രൂഡോയിൽ ഉൽപാദനമെന്ന ബ്രിട്ടീഷ് പെട്രോളിയത്തിെൻറ ലക്ഷ്യം കൈവരിക്കാൻ ഇവക്ക് ഗണ്യമായ പങ്കുവഹിക്കാനാകുമെന്ന് ബോബ് ഡ്യുഡ്ലി പറഞ്ഞു. ഇടുങ്ങിയതും കഠിനമായതുമായ പാറക്കെട്ടുകൾക്ക് ഇടയിൽ ഭൂനിരപ്പിൽനിന്ന് അഞ്ച് മീറ്റർ ആഴത്തിലാണ് ഖസ്സാനിൽ വാതക ശേഖരം ഉള്ളത്. ഇൗ വെല്ലുവിളി ഉയർത്തുന്ന ഭൂപ്രകൃതിയിൽനിന്ന് ആധുനിക സാേങ്കതിക വിദ്യകളുടെ സഹായത്തോടെയാണ് ഉൽപാദനം യാഥാർഥ്യമാക്കിയതെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
ഖസ്സാൻ ഉൾക്കൊള്ളുന്ന 61ാം നമ്പർ ബ്ലോക്കിെൻറ ഉൽപാദന കരാർ 2007ലാണ് ആദ്യം ഒപ്പിട്ടത്. 2013വരെ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇവിടെ വിപുലമായ വാതകശേഖരമുണ്ടെന്നത് മനസ്സിലാക്കിയത്. തുടർന്ന് 2013 ഡിസംബറിൽ ആദ്യഘട്ട പ്രവർത്തനത്തിന് അനുമതി നൽകി. ഇപ്പോൾ 200 വാതക കിണറുകളാണ് ഉള്ളത്.
ഇവിടെനിന്ന് ബഹിർഗമിക്കുന്ന വാതകം കേന്ദ്രീകൃത പ്രൊസസിങ് കേന്ദ്രത്തിലേക്ക് ഫീഡ് ചെയ്ത് സംസ്കരിക്കുകയാണ് ചെയ്യുക. ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ശതകോടി ക്യുബിക് ഫീറ്റ് ആയിരിക്കും വാതക ഉൽപാദനം. രണ്ടാം ഘട്ടത്തിൽ പ്രതിദിന ഉൽപാദനം ഒന്നര ശതകോടിയായി ഉയരുകയും ചെയ്യും. മൊത്തം 10.5 ട്രില്ല്യൺ ക്യുബിക് ഫീറ്റ് വാതകശേഖരം ഇവിടെയുണ്ടെന്നാണ് കണക്കുകൾ. വാതകപാടത്തിെൻറ 60 ശതമാനം പങ്കാളിത്തമാണ് ബ്രിട്ടീഷ് പെട്രോളിയത്തിന് ഉള്ളത്. ബാക്കി ഒാഹരി ഒമാൻ ഒായിൽ എക്സ്പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷൻ കമ്പനിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
