പ്രകൃതിദുരന്തം: പരമാവധി 5,000 റിയാൽ വരെ നഷ്ടപരിഹാരം
text_fieldsമസ്കത്ത്: ഏകീകൃത മോട്ടോർ ഇൻഷുറൻസ് നയത്തിൽ പ്രകൃതിദുരന്ത കവറേജ് ഉറപ്പാക്കാൻ വ്യക്തമായ നിയന്ത്രണ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അധികാരികൾ പ്രകൃതിദുരന്തമായി പ്രഖ്യാപിക്കുന്ന സംഭവങ്ങളാൽ വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കാണ് ഈ അനുബന്ധ വ്യവസ്ഥ പ്രകാരം ഇൻഷുറൻസ് പരിരക്ഷ നൽകുക. പ്രകൃതിദുരന്തം മൂലം കേടുപാടുകൾ സംഭവിക്കുന്ന ഓരോ വാഹനത്തിനും പരമാവധി 5,000 ഒമാനി റിയാൽ വരെ നഷ്ടപരിഹാരം നൽകും.
ഇതിൽനിന്ന് ഡിഡക്റ്റിബിൾ തുകയും കവറേജ് പുനരാരംഭിക്കുന്നതിനുള്ള തുകയും കുറവ് ചെയ്ത ശേഷമാണ് നഷ്ടപരിഹാരം അനുവദിക്കുക. കേടുപാടുകൾ സംഭവിക്കുന്നതിനു മുമ്പുള്ള വാഹനത്തിന്റെ വിപണി മൂല്യമാണ് നഷ്ടപരിഹാരത്തിന് അടിസ്ഥാനമാക്കുക. ഇതിന് എഫ്.എസ്.എ നിശ്ചയിച്ച നിബന്ധനകൾ ബാധകമായിരിക്കും.
വാഹനം പൂർണമായി നഷ്ടമാവുകയോ സാങ്കേതികമായി പൂർണനഷ്ടം സംഭവിച്ചതായോ കണക്കാക്കുന്ന സാഹചര്യങ്ങളിൽ രണ്ടു രീതികളിലാണ് നഷ്ടപരിഹാരം നൽകുക. ആദ്യ ഘട്ടത്തിൽ, വിപണി മൂല്യം 5,000 റിയാലിൽ താഴെയുള്ള വാഹനങ്ങൾക്കായി, ഇൻഷുറൻസ് കമ്പനി വാഹനത്തിന്റെ വിപണി മൂല്യത്തിന് തുല്യമായി നഷ്ടപരിഹാരം നൽകി വാഹനം ഏറ്റെടുക്കാം. അല്ലെങ്കിൽ, പോളിസി ഉടമക്ക് വാഹനം കൈവശം വെക്കണമെങ്കിൽ, വിപണി മൂല്യത്തിന്റെ 75 ശതമാനം, പരമാവധി 5,000 റിയാൽ വരെ നഷ്ടപരിഹാരമായി നൽകാം.
രണ്ടാം ഘട്ടത്തിൽ, വിപണി മൂല്യം 5,000 റിയാലിൽ കൂടുതലുള്ള വാഹനങ്ങൾക്ക്, നഷ്ടപരിഹാരം വാഹനത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനമായിരിക്കും. എന്നാൽ ഈ തുക 5,000 റിയാൽ കവിയരുത്. ഈ സാഹചര്യത്തിൽ വാഹനം പോളിസി ഉടമയുടെ കൈവശം തുടരും.
ഭാഗിക നാശനഷ്ടം സംഭവിച്ചാൽ, വാഹനം സാങ്കേതികമായി പൂർണനഷ്ടമായി കണക്കാക്കപ്പെടുന്നില്ലെങ്കിൽ, അറ്റകുറ്റപ്പണികളുടെ പണച്ചെലവ് 5,000 റിയാൽ വരെ ഇൻഷുറൻസ് കമ്പനി വഹിക്കണം. ഭാഗിക നാശനഷ്ടത്തിന്റെ ചെലവ് എഫ്.എസ്.എ ലൈസൻസ് നൽകിയ നഷ്ടപരിഹാര വിലയിരുത്തുന്ന വിദഗ്ധർ തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിന് ബന്ധപ്പെട്ട എഫ്.എസ്.എ ചട്ടങ്ങൾ ബാധകമാണ്.
പ്രകൃതിദുരന്തം മൂലമല്ലാത്ത റോഡപകടങ്ങൾ, നശീകരണം, തീപിടിത്തം, മനപ്പൂർവമായ പ്രവൃത്തികൾ, മോഷണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾ എന്നിവക്ക് പ്രകൃതിദുരന്ത കവറേജ് ലഭിക്കില്ല. അതുപോലെ, വാദികളിലോ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലോ റോഡുകളിലോ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വെള്ളപ്പൊക്ക ഭീഷണിയുള്ള സാഹചര്യങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ, ഒമാൻ രജിസ്ട്രേഷൻ നമ്പറില്ലാത്ത വാഹനങ്ങൾ, പ്രകൃതിദുരന്തം മൂലം കേടുപാടുകൾ സംഭവിച്ചതിന് ശേഷം വാഹനം ഓടിച്ചതിനാലുണ്ടായ നാശനഷ്ടങ്ങൾ എന്നിവയും ഈ കവറേജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

