നാഷനൽ റിഹാബിലിറ്റേഷൻ ഹൗസ് പരിചയപ്പെടുത്തി ഒമാൻ നാഷനൽ യൂനിവേഴ്‌സിറ്റി
text_fieldsമസ്‌കത്ത്: നാഷനൽ റിഹാബിലിറ്റേഷൻ ഹൗസ് പരിചയപ്പെടുത്തി നാഷനൽ യൂനിവേഴ്‌സിറ്റി. ഗുണമേന്മയുള്ള ആരോഗ്യപരിചരണത്തിനും സംയോജിത പുനരധിവാസ സംവിധാനത്തിനും മുൻഗണന നൽകുന്ന പത്താം പഞ്ചവത്സര പദ്ധതിയുടെയും ഒമാൻ ദർശനം 2040ന്‍റെയും ചുവടുപിടിച്ചാണ് ഈ സംരംഭം. സവിശേഷവും നൂതനവുമായ ആരോഗ്യപരിചരണ സംവിധാനം വികസിപ്പിക്കുന്നതിനും ആവശ്യക്കാർക്ക് ഉന്നത നിലവാരത്തിലുള്ള പുനരധിവാസ സേവനങ്ങൾ പ്രാപ്യമാകുന്നുവെന്ന് ഉറപ്പിക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്. നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (എൻ.യു) കീഴിലാണ് കേന്ദ്രം സ്ഥാപിച്ചത്. മെഡിക്കൽ പുനരധിവാസവും രോഗീപരിചരണവും ശാക്തീകരിക്കാനുള്ള ദേശീയ പ്രയത്‌നങ്ങളെ തുടർന്നാണ് കേന്ദ്രം യാഥാർഥ്യമായത്.
എൻ.യു വൈസ് ചാൻസലർ ഡോ. അലി സഊദ് അൽ ബിമാനി സംരംഭത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളമുള്ള അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും രോഗവിമുക്തിയുടെ വാഗ്ദാനവും പ്രതീക്ഷയും പകരുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധ, സംയോജിത പുനരധിവാസ സേവനങ്ങൾക്കുള്ള ആവശ്യം രാജ്യത്ത് വർധിച്ചുവരുന്നതിനാൽ ഇത്തരമൊരു പദ്ധതി അത്യന്താപേക്ഷിതമാണ്. മാരക പരുക്ക്, പക്ഷാഘാതം, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ, വിട്ടുമാറാത്ത രോഗം തുടങ്ങിയവ വർധിക്കുന്നതിനാൽ പ്രത്യേകം റിഹാബിലിറ്റേഷൻ കേന്ദ്രം അടിയന്തരമായി ആവശ്യമുണ്ട്. നിലവിലെ ആരോഗ്യരക്ഷാ സേവനങ്ങളുടെ വിടവ് നികത്തുന്നതാണിത്.
രോഗികളുടെയും കൂടെ വരുന്നവരുടെയും സൗകര്യത്തിനും സ്വകാര്യതക്കും സാംസ്‌കാരിക പ്രാധാന്യങ്ങൾക്കും മുൻഗണന നൽകുന്നതാണ് ഈ കേന്ദ്രത്തിലെ സൗകര്യങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിഭാഗങ്ങളുണ്ട്. ഫിസിയോതെറാപ്പി, ഒക്കുപേഷനൽ തെറാപ്പി, സ്പീച്ച് ലാംഗ്വേജ് തെറാപ്പി അടക്കമുള്ള സേവനങ്ങൾ നൽകുന്നു. രോഗവിമുക്തി വർധിപ്പിക്കുന്നതിനായി വ്യക്തിഗത ചികിത്സാ പദ്ധതികളുമുണ്ട്. ഇതിനായി നൂതന ഉപകരണങ്ങളും യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ശരീരം സുഖംപ്രാപിക്കുക എന്നതിനപ്പുറം പ്രതീക്ഷയും അന്തസും രോഗികളിൽ പുനഃസ്ഥാപിക്കുകയും പൂർണതോതിൽ ജീവിക്കാനുള്ള കഴിവ് നേടിയെടുക്കുകയുമാണ് റിഹാബിലിറ്റേഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എൻ.യു ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പറഞ്ഞു. പ്രെഫഷനൽ വികസനത്തുടർച്ചക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ശാസ്ത്ര മുന്നേറ്റങ്ങളുടെ മുന്നണിയിൽ നിലകൊള്ളുമെന്നും നാഷനൽ റിഹാബിലിറ്റേഷൻ ഹൗസ് ഡയറക്ടർ ഡോ. സാമിയ അൽ റെയ്‌സി പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യയും പ്രതിരോധ, ചികിത്സാ സംവിധാനങ്ങളും ഉപയോഗിച്ച് മികച്ച സമീപനങ്ങളിലൂടെ നാഷനൽ റീഹാബിലിറ്റേഷൻ ഹൗസ് പുനരധിവാസ പരിചരണത്തിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ്. എല്ലാ പ്രായക്കാർക്കും സ്വാതന്ത്ര്യവും ശക്തിയും ആത്മവിശ്വാസവും വീണ്ടെടുക്കുന്നതിന് സമഗ്രമായ പിന്തുണ ഉറപ്പുവരുത്തുന്നതിന് റീഹാബിലിറ്റേഷൻ ഹൗസ് തയാറെടുത്ത് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

