നാഷനൽ പെൻഷൻ സിസ്റ്റം: പ്രവാസികൾക്കും അംഗങ്ങൾ ആകാം
text_fieldsകേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ള വളരെയധികം പ്രയോജനമുള്ള ഒരു പെൻഷൻ സുരക്ഷ പദ്ധതിയാണ് നാഷനൽ പെൻഷൻ സിസ്റ്റം. പബ്ലിക് പ്രൊവിഡൻ ഫണ്ട്, സുകന്യ ഡെപ്പോസിറ്റ് സ്കീം തുടങ്ങിയ സർക്കാറിന്റെ ദീർഘകാല പദ്ധതികളിൽ പ്രവാസികൾക്ക് അംഗങ്ങളാകാൻ സാധിക്കില്ല. എന്നാൽ മേൽപ്പറഞ്ഞ നാഷനൽ പെൻഷൻ സിസ്റ്റത്തിൽ പ്രവാസികൾക്ക് അംഗങ്ങളാകാം എന്നുള്ളത് വളരെ നല്ല കാര്യമാണ്. 2004ൽ സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച ഈ പദ്ധതി 2009ൽ മറ്റു മേഖലകളിലുള്ള ഇന്ത്യക്കാർക്കും കൂടി അംഗങ്ങളാകാൻ അനുവദിക്കുകയായിരുന്നു. ഇത്തരം സാമൂഹ്യ സുരക്ഷ പദ്ധതികൾ സമൂഹത്തിലെ സാധാരണക്കാരെയും ഇടത്തരം വരുമാനക്കാരെയും ഉദ്ദേശിച്ചുള്ളതാണ്.
എന്താണ് നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ് )
ഉപയോക്താക്കളെ അവരുടെ സ്വന്തം സമ്പാദ്യത്തിൽനിന്നും ഒരു നിശ്ചിത ശതമാനം തുക ഒരു കേന്ദ്രീകൃത പെൻഷൻ സംവിധാനത്തിലേക്ക് നൽകാനും അതുവഴി പെൻഷന്റെ രൂപത്തിൽ ഭാവി സുരക്ഷിതമാക്കാനും അനുവദിക്കുന്ന ഒരു വളണ്ടറി റിട്ടയർമെന്റ് സേവിങ്സ് സംവിധാനമാണ് നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). (എൻ.പി.എസിന്റെ കീഴിലുള്ള എല്ലാ സമ്പാദ്യത്തിന്റെയും രജിസ്റ്റർ ചെയ്ത ഉടമയാണ് നാഷനൽ പെൻഷൻ സിസ്റ്റംസ് ട്രസ്റ്റ്. പെൻഷൻ ഫണ്ട്സ്, സെക്യൂരിറ്റികൾ ട്രസ്റ്റികളുടെ പേരിൽ വാങ്ങുന്നു എങ്കിലും വ്യക്തിഗത ദേശീയ പെൻഷൻ സംവിധാന വരിക്കാർ സെക്യൂരിറ്റികളുടെയും ആസ്തികളുടെയും ഫണ്ടുകളുടെയും ഉടമയായി തുടരുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ അധീനതയിലുള്ള സ്ഥാപനമായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആണ് മേൽനോട്ടത്തിന് ഉത്തരവാദപ്പെട്ട ഏജൻസി. മേൽപ്പറഞ്ഞ സ്ഥാപനം ചില പെൻഷൻ ഫണ്ടുകൾക്ക് ഇതിന്റെ നടത്തിപ്പിനായി അംഗീകാരം നൽകിയിട്ടുണ്ട്. എസ്.ബി.ഐ എൽ.ഐ.സി, യു.ടി.ഐ എച്ച്.ഡി.എഫ്.സി, കോട്ടക്, ഐ.സി.സി, ടാറ്റ തുടങ്ങി പത്തിലധികം പെൻഷൻ ഫണ്ടുകൾ ഉണ്ട്. ഏത് പെൻഷൻ ഫണ്ട് വേണമെന്നത് നിക്ഷേപകന് തെരഞ്ഞെടുക്കാവുന്നതാണ്. ഒരു സമയത്ത് ഒരു പെൻഷൻ ഫണ്ട് മാത്രമാണ് അനുവദനീയമായിട്ടുള്ളൂ. പിന്നീട് ഈ പെൻഷൻ ഫണ്ടിനെ മാറ്റി മറ്റൊരു ഫണ്ടിനെ വേണമെങ്കിൽ തെരഞ്ഞെടുക്കാവുന്നതാണ്.
അഡ്വ .ആർ. മധുസൂദനൻ, മസ്കത്ത്
അംഗത്വം എടുക്കുന്ന രീതി
പോസ്റ്റ് ഓഫീസുകൾ മറ്റു അംഗീത സ്ഥാപനങ്ങൾ എന്നിവ വഴി നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ ഈ പെൻഷൻ പദ്ധതിയിൽ അംഗമായി ചേരാം. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിങ് വഴിയും പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മേൽപ്പറഞ്ഞ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാം. 18 മുതൽ 70 വയസു വരെ ആണ് പ്രായപരിധി. 75 വയസ് വരെ തുടരാം. ഓൺലൈനായി വളരെ ലളിതമായി എളുപ്പത്തിൽ തന്നെ ഇതിൽ അംഗത്വം എടുക്കാവുന്നതാണ്. നിരവധി ഓൺലൈൻ സൈറ്റുകൾ ഉണ്ട്.
(https://enps.nsdl.com/eNPS/NationalPensionSystem.html). ഓൺലൈനായി എടുക്കാൻ നിങ്ങളുടെ കെ.വൈ.സി (KYC) രേഖകൾ വേണം. ആധാർ നമ്പർ,ആധാറുമായി ബന്ധിച്ച മൊബൈൽ നമ്പർ നിങ്ങളുടെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നോമിനേഷൻ വിവരങ്ങൾ ഇവ ആവശ്യമുണ്ട്. സ്പോർട്ട് സൈസ് ഫോട്ടോയും സ്കാൻ ചെയ്ത സിഗ്നേച്ചറും അപ്ലോഡ് ചെയ്യണം. ആദ്യ തവണ അടക്കുകയും വേണം. ജോയന്റ് അക്കൗണ്ട് അനുവദനീയമല്ല എന്നതും ഒന്നിലധികം. നോമിനുകളെ വെക്കാം എന്നുള്ളത് എന്നുള്ള കാര്യവും ശ്രദ്ധിക്കുക. പ്രധാനമായി രണ്ടു തരത്തിലുള്ള അക്കൗണ്ടുകളാണ് എൻ.പി.എസിൽ ഉള്ളത്-അതായത് ടയർ-1, ടയർ -2. ഇതിൽ പെൻഷൻ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത് ടയർ -1 ആണ്. ടയർ രണ്ട് നിങ്ങൾക്ക് മറ്റു നിക്ഷേപങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. രണ്ടാമത് പറഞ്ഞ അക്കൗണ്ട് നിർബന്ധമല്ല.
അക്കൗണ്ട് തുടങ്ങുമ്പോൾ പി.എഫ്.ആർ.ഡി.എ അംഗീകരിച്ച മുകളിൽ പറഞ്ഞ ഒരു പെൻഷൻ ഫണ്ടിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ടയർ -1 അക്കൗണ്ടിലെ നിക്ഷേപത്തിന് രണ്ടു പ്ലാനുകൾ ലഭ്യമാണ്. ഓട്ടോ ചോയിസും ആക്ടീവ് ചോയിസും. ഇൻവെസ്റ്റ്മെന്റ്കളെ പറ്റി കാര്യമായ അറിവ് ഇല്ലാത്തവർ ഓട്ടോ ചോയ്സ് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ നിക്ഷേപകന്റെ പ്രായത്തിനനുസരിച്ച്, പി.എഫ്.ആർ.ഡി.എ നിബന്ധനകൾക്ക് വിധേയമായി, ഫണ്ട് മാനേജർ നിങ്ങളുടെ നിക്ഷേപത്തിന്റെ വിനിയോഗം തീരുമാനിക്കുന്നു. നിക്ഷേപങ്ങളിൽ വൈദഗ്ദ്യം ആക്റ്റിവ് ചോയ്സ് തിരഞ്ഞെടുക്കുക. ഓഹരികൾ, ഗവൺമെന്റ് ബോണ്ടുകൾ, ഉയർന്ന റേറ്റിങ് ഉള്ള കമ്പനി കട പത്രങ്ങൾ മറ്റു ഇൻവെസ്റ്റ്മെന്റുകൾ എന്നിവയിലാണ് ഈ പെൻഷൻ ഫണ്ടുകൾ നിക്ഷേപങ്ങൾ നടത്തുന്നത്.
രജിസ്ട്രേഷൻ പൂർണമാകുന്ന മുറക്ക് നിങ്ങൾക്ക് ഒരു പന്ത്രണ്ടക്ക നമ്പർ തരും ഇതിനെ പ്രാൻ നമ്പർ (PRAN) എന്നു പറയും. അതായത് പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലെയോ അല്ലെങ്കിൽ പാൻ നമ്പർ പോലെയോ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നേരത്തെ പറഞ്ഞതുപോലെ ടയർ ഒന്ന് അക്കൗണ്ടാണ് പെൻഷനുവേണ്ടി ഉപയോഗിക്കേണ്ടത്. ഈ അക്കൗണ്ടിൽ ഒരുവർഷം എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. മിനിമം ഒരു തവണ അടക്കേണ്ട തുക 500രൂപയും ഒരു വർഷം അടക്കേണ്ടതു പ്രവാസികൾ ആറായിരവും അല്ലാത്തവർ ആയിരം രൂപയും ആണ്. കുടിശിക വന്നാൽ പിഴപ്പലിശയോട് കൂടി വരിസംഖ്യ അടക്കാവുന്നതാണ് .
പ്രവാസികൾ നിങ്ങളുടെ എൻ.ആർ.ഇ/എൻ.ആർ.ഒയിൽ നിന്നാണ് വരിസംഖ്യ അടക്കേണ്ടത് ഓൺലൈനായി എല്ലാ വിവരങ്ങളും നൽകി ആദ്യ വരിസംഖ്യ അടച്ചു കഴിഞ്ഞാൽ നിങ്ങളുടെ പ്രാൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇമെയിൽ ആയും എസ്.എം. എസ് ആയും ലഭിക്കും. ഫോട്ടോ ഉള്ള നിങ്ങളുടെ പ്രാൺ കാർഡ് (ഡിജിറ്റൽ കാർഡ്) വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈനായി തന്നെ നിങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കാവുന്നതാണ്. ഇങ്ങനെ പരിശോധിക്കുന്നതിന് നിങ്ങൾക്ക് ഒരു യൂസർ ഐഡിയും പാസ് വേർഡും വേണം. യൂസർ ഐഡി നിങ്ങളുടെ 12 അക്ക പ്രാൻ നമ്പർ ആയിരിക്കും. പാസ് വേഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം . പ്രധാനപ്പെട്ട എന്തെങ്കിലും വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അത് ചെയ്യാനുള്ള സംവിധാനവും ഈ സൈറ്റിൽ ലഭ്യമാണ് .
വരി സംഖ്യ അടക്കേണ്ട വിധം
നേരത്തെ പറഞ്ഞതുപോലെ ഒരു വർഷം എത്ര തവണ വേണമെങ്കിലും ഈ ഈ പദ്ധതിയിൽ തുക നിക്ഷേപിക്കാം ഓൺലൈനായി തന്നെ നിങ്ങളുടെ ‘പ്രാൻ’ നമ്പർ ഉപയോഗിച്ച് തുക അടക്കാവുന്നതാണ്. പലപ്പോഴും പല സമയത്ത് തുക അടക്കുന്നത് കൊണ്ട് അടച്ച തുക അന്നേ ദിവസം അക്കൗണ്ടിൽ വരവ് വെക്കപ്പെടാറില്ല. ഇതിനും ഒരു പരിഹാരം ഉണ്ട്. എളുപ്പത്തിൽ ചെയ്യാവുന്നത് നിങ്ങളുടെ എൻ.പി.എസ് അക്കൗണ്ടിൽ ലോഗിൻ ചെയ്തു D-Remit എന്ന ഓപ്ഷൻ വഴി ഒരു വെർച്വൽ അക്കൗണ്ട് നമ്പർ (VAN) ഉണ്ടാക്കുക ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.
ഈ അക്കൗണ്ട് നിങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. ആക്സിസ് ബാങ്കിന്റെ ഐ.എഫ്.സി കോഡും ലഭിക്കും ഇതുവച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ദീർഘകാലത്തേക്ക് ഒരു സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ (SI) രജിസ്റ്റർ ചെയ്യുക. അപ്പോൾ കൃത്യമായി തന്നെ തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും അത് അന്നേദിവസം തന്നെ നിങ്ങളുടെ എൻ.പി.എസ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതുമാണ്. സെയിം ഡേ എൻ.എ. വി (NAV) എന്നറിയപ്പെടുന്ന ഈ രീതി താരതമ്യേന ചിലവ് കുറഞ്ഞ ഒരു മാർഗമാണ്. മാത്രവുമല്ല കൃത്യമായി തുക നിങ്ങളുടെ പെൻഷൻ ഫണ്ടിൽ വരികയും ചെയ്യും. (തുടരും)
(ലേഖകൻ ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

