മസ്കത്ത് വിമാനത്താവളത്തിൽ നാഷനൽ മ്യൂസിയം കോർണർ
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാഷനൽ മ്യൂസിയം കോർണർ ഉദ്ഘാടനത്തിൽനിന്ന്

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്സ് ഹാളിൽ നാഷനൽ മ്യൂസിയത്തിന്റെ കോർണർ തുറന്നു. ഒമാൻ എയർപോർട്ട്സും നാഷനൽ മ്യൂസിയവും തമ്മിൽ നിലവിലുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. ഉദ്ഘാടനച്ചടങ്ങിൽ ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് അയ്മാൻ ബിൻ അഹമ്മദ് അൽ ഹൊസാനി, നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവി എന്നിവർ പങ്കെടുത്തു. യാത്രക്കാർക്ക് സാംസ്കാരിക അനുഭവം സമ്പന്നമാക്കുകയും ഒമാനും അതിന്റെ പരിഷ്കൃത ചുറ്റുപാടുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ കഥകൾ കൈമാറുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ എയർപോർട്ട്സുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാഷനൽ മ്യൂസിയം കോർണറിന്റെ ഉദ്ഘാടനമെന്ന് അൽ മൂസാവി പറഞ്ഞു.
സഞ്ചാരികൾക്ക് ഒമാനിലെ നാഗരിക, ചരിത്ര, സാംസ്കാരിക മാനങ്ങളെക്കുറിച്ച് പഠിക്കാനും ഒമാനിലെ മ്യൂസിയം, പുരാവസ്തു, സാംസ്കാരിക സ്ഥലങ്ങൾ സന്ദർശിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്പാർച്ചർ ഹാളിൽ നാഷനൽ മ്യൂസിയത്തിന്റെ കോർണർ ഒരുക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് അൽ ഹൊസാനി പറഞ്ഞു. സുൽത്താനേറ്റിലെ സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിന് സഹായകമായ ഒരു കൂട്ടിച്ചേർക്കലാണിത്.
സുൽത്താനേറ്റിലേക്ക് വരുന്ന സന്ദർശകർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ദേശീയ മ്യൂസിയത്തിലെ കാഴ്ചകളെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനം വിനോദസഞ്ചാര മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നതിൽ സംശയമില്ല. നാഷനൽ മ്യൂസിയം സന്ദർശിക്കാനും ഒമാൻ നാഗരികതയുടെയും ചരിത്രപരമായ കാര്യങ്ങളെ കുറിച്ച് അറിയാൻ ഈ കോർണർ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനി ഖഞ്ചർ, സുഗന്ധ സംസ്കാരം, ഒമാൻ-കിഴക്കൻ ആഫ്രിക്ക, സമദ് കാലഘട്ടം, പുരാവസ്തുക്കൾ, സാൻസിബാറിലെ സുൽത്താന്മാർക്ക് സമ്മാനിച്ച സ്മാരകങ്ങളുടെ ശകലങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

