ദേശീയദിന പ്രമോഷനുകൾ: വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങളുമായി ഒമാൻ
text_fieldsമസ്കത്ത്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉൽപന്നങ്ങളിലും പരസ്യങ്ങളിലും പ്രമോഷൻ പരിപാടികളിലും പാലിക്കേണ്ട നിയമങ്ങൾ ഓർമിപ്പിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വാണിജ്യ ഉൽപന്നങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ ഔദ്യോഗികമായി ‘ദേശീയദിനം’ എന്ന പേര് തന്നെ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
റോയൽ ഡിക്രി 15/2025 പ്രകാരമാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെയും രാജകീയ പള്ളികളുടെയും ചിത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.അതേസമയം, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രം, രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം, ദേശീയ പതാക, ഒമാന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് മന്ത്രാലയത്തി ന്റെ മുൻകൂർ അനുമതിയും ലൈസൻസും നേടണം.
ഒമാന്റെ ഭൂപടം ഉപയോഗിക്കുന്നതിന് നാഷനൽ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയുടെ അനുമതിയും ആവശ്യമാണ്.നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

