നായർ ഫാമിലി യൂനിറ്റി ഓണാഘോഷം
text_fieldsമസ്കത്തിലെ നായർ ഫാമിലി യൂനിറ്റിയുടെ ഓണാഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: മസ്കത്തിലെ നായർ ഫാമിലി യൂനിറ്റി രണ്ട് ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അരങ്ങേറിയ വിവിധ കലാപരിപാടികളിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ്, മലയാള സിനിമയിലെ പ്രശസ്ത നിർമാതാവ് എം. രഞ്ജിത്ത്, അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്ര,സീരിയൽ അഭിനേത്രി ചിപ്പിരഞ്ജിത് എന്നിവർ മുഖ്യാതിഥികളായി.
മാവേലി വരവേൽപ്പും സംഗീതോപകരണങ്ങളുമായി തുടക്കം കുറിച്ച നിറമാർന്ന കലാ പരിപാടികൾ ആഘോഷങ്ങൾക്ക് മികവു നൽകി. നായർ ഫാമിലി യൂനിറ്റി പ്രസിഡന്റ് സുകുമാരൻനായർ അധ്യക്ഷത വഹിച്ച പൊതുപരിപാടിയിൽ വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഓണം എന്നത് മാനവികതയും ഒരുമയും ഉയർത്തിപ്പിടിക്കുന്ന ആഗോള ആഘോഷമാണെന്നും,ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ നിരവധി പേരുടെ ശ്രദ്ധാപൂർണമായ പരിശ്രമം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ഇതിനായി പ്രയത്നിക്കുന്നവരെ ഹാർദമായി അഭിനന്ദിക്കുകയാണെന്നും ഇന്ത്യൻ സ്ഥാനപതി .ജി.വി.ശ്രീനിവാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എല്ലാം വാണിജ്യവത്കരിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഓണം തനിമ ചോരാതെ ആഘോഷിക്കുന്നത് ഇന്ത്യക്കു പുറത്താണെന്നും മസ്കത്തിലെ ഓണാഘോഷം കണ്ടപ്പോൾ തന്റെ ഓർമകൾ തന്നെ കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടു പോയെന്നും ചലച്ചിത്ര നിർമാതാവ് എം.രഞ്ജിത്ത് പറഞ്ഞു.
പത്മഭൂഷൺ മന്നത്ത് പത്മനാഭന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഭാരത കേസരി പ്രതിഭാ പുരസ്ക്ാരം എം.രഞ്ജിത്തും ചിപ്പി രഞ്ജിത്തും ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസിൽ നിന്നും പ്രസിഡന്റ് സുകുമാരൻ നായരിൽ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പാചക മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തിരുവാതിരക്കളി , ഫ്യൂഷൻ ഡാൻസ്, സംഘനൃത്തം, സ്കിറ്റുകൾ എന്നിവ അരങ്ങേറി.
കലാപരിപാടികൾ കാണാൻ എത്തിയവർക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ , ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ , ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീകുമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം കൃഷ്ണേന്ദു തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരായ നിരവധിപേർ പങ്കെടുത്തു .
ഫാമിലി യൂനിറ്റി വൈസ് പ്രസിഡന്റ് ഹരികുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ജയരാജ് പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

