ശ്രവണ വൈകല്യമുള്ളവർക്കായി ‘നാഫിദ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മസ്‌കത്ത്: ശ്രവണ വൈകല്യമുള്ളവർക്ക് സർക്കാർ-സ്വകാര്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ഒമാൻ പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു. ‘നാഫിദ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം രാജ്യത്തെ ആദ്യത്തെ വിഷ്വൽ കമ്മ്യൂണിക്കേഷൻ സെന്ററും ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുമാണ്. ‘അറബ് ബധിര വാരാഘോഷങ്ങളുടെ ഭാഗമായി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ‘നാഫിദ്’ പുറത്തിറക്കിയത്. ഈ പ്ലാറ്റ്‌ഫോമിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ആംഗ്യഭാഷാ വിവർത്തകരുടെ സഹായം തത്സമയം ലഭ്യമാകും. ഇത് സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കും. സൈൻ ലാംഗ്വേജ് ന്യൂസ് പോർട്ടൽ, വിവിധ പരിപാടികൾക്കായി ആംഗ്യഭാഷാ വിവർത്തകരെ ബുക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവവ ഇതിൽ ഉൾപ്പെടുന്നു. ഒമാനിലെ ഏകദേശം 17,000-ഓളം വരുന്ന ശ്രവണ വൈകല്യമുള്ളവർക്ക് ഈ സംവിധാനം വലിയ ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു.
സാമൂഹിക വികസന മന്ത്രാലയ ഭിന്നശേഷി വിഭാഗം അണ്ടർസെക്രട്ടറി ഡോ. അബ്ദുള്ള ബിൻ ഹമൂദ് അൽ ഹാർത്തിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.നാഫിദ് ആപ്പ് സി.ഇ.ഒ സുൽത്താൻ അൽ അമ്രിയും ചടങ്ങിൽ പങ്കെടുത്തു. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ സുപ്രധാന ചുവടുവെപ്പായാണിത്. മുമ്പുണ്ടായിരുന്ന ‘സൈൻബുക്ക്’ എന്ന ആപ്പിന്റെ പരിഷ്കരിച്ച രൂപമാണിത്. ഈ സേവനം കൂടുതൽ വിപുലമാക്കാൻ വിവിധ കരാറുകൾ ചടങ്ങിൽ ഒപ്പിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

