മസ്കത്ത്: മൈത്രി മസ്കത്ത് എല്ലാ വർഷവും നൽകിവരുന്ന സി. അച്യുതമേനോൻ, തോപ്പിൽ ഭാസി അവാർഡുകളും വിവിധ മേഖലകളിൽ പ്രശസ്തരായ മസ്കത്തിലെ പ്രവാസികൾക്ക് നൽകുന്ന സാംസ്കാരിക പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിെൻറ ഭരണനേതൃത്വത്തിൽ മികവ് പുലർത്തിയ വ്യക്തികൾക്ക് നൽകുന്ന സി. അച്യുതമേനോൻ പുരസ്കാരത്തിന് മുൻമന്ത്രി കെ.പി. രാജേന്ദ്രൻ അർഹനായി. നാടകപ്രവർത്തനരംഗത്തെ മികവിനുള്ള തോപ്പിൽഭാസി പുരസ്കാരത്തിന് ബഷീർ എരുമേലിയും അർഹരായതായി മൈത്രി മസ്കത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മസ്കത്തിലെ പ്രവാസികൾക്ക് നൽകുന്ന സാംസ്കാരിക പുരസ്കാരങ്ങൾക്ക് താഴെ പറയുന്നവരും അർഹരായി; വിൽസൺ ജോർജ് (വിദ്യാഭ്യാസം, സാംസ്കാരികം), പി.ടി.കെ ഷമീർ (സാമൂഹിക ക്ഷേമം), കുര്യൻ ജോഷി (ചിത്രകാരൻ,ശിൽപി), ഡോ. രാജ്യ ശ്രീ നാരായണൻ കുട്ടി (ആതുരസേവനം). ജനുവരി മൂന്നാം വാരത്തിൽ മസ്കത്തിൽ നടക്കുന്ന പൊന്നരിവാൾ അമ്പിളിയിൽ എന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ മൈത്രി ചെയർമാൻ ശിവരാമൻ, സെക്രട്ടറി ജയൻ, കൺവീനർ ജൈകിഷ് പവിത്രൻ, ഇ.ആർ ജോഷി, ആഭ ഷാജി, ബിന്ദു പാറയിൽ എന്നിവർ സംബന്ധിച്ചു.