Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎന്റെ അർജന്റീന...

എന്റെ അർജന്റീന പ്രണയം...

text_fields
bookmark_border
എന്റെ അർജന്റീന പ്രണയം...
cancel
camera_alt

വരുൺ മബേല

ഫുട്ബാൾ എനിക്ക് ഒരു കളി മാത്രമായിരുന്നില്ല. അത് എന്റെ ബാല്യത്തിന്റെ നിറമായിരുന്നു, എന്റെ സൗഹൃദങ്ങളുടെ ഭാഷയായിരുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമകളുടെ പേരായിരുന്നു. ഇന്ന് ഞാൻ അർജന്റീനയുടെ ആരാധകനാണെന്ന് പറയുമ്പോൾ, അത് ഒരു ടീമിനോടുള്ള ഇഷ്ടം മാത്രമല്ല; വർഷങ്ങളായി എന്റെ ഹൃദയത്തിൽ വളർന്നുവന്ന ഒരു വികാരത്തിന്റെ കഥയാണ്.

ഞാൻ ജനിച്ചതും ലയണൽ മെസ്സി ജനിച്ചതും ഒരേ വർഷമാണ്; 1987 !. ഒരുപക്ഷേ അതുകൊണ്ടാകാം, മെസ്സിയുടെ ഓരോ വളർച്ചയും, ഓരോ വിജയവും, എന്റെ ജീവിതയാത്രയോടൊപ്പം സഞ്ചരിക്കുന്നതുപോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്നാൽ, മെസ്സിക്ക് മുമ്പ് എന്റെ മനസ്സ് കീഴടക്കിയ മറ്റൊരു അർജന്റീനൻ മാന്ത്രികൻ ഉണ്ടായിരുന്നു; യുവാൻ റോമൻ റിക്വൽമേ.

റിക്വൽമേയുടെ കളി ആദ്യമായി കണ്ട നിമിഷം മുതൽ അർജന്റീന എന്റെ ഹൃദയത്തിലേക്ക് ചേക്കേറി. പന്തിന്മേലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണവും, അതിശയിപ്പിക്കുന്ന പാസുകളും, കളിയെ തന്റെ താളത്തിൽ നിയന്ത്രിക്കുന്ന ആ അപൂർവമായ ശൈലിയും എന്നെ വിസ്മയിപ്പിച്ചു.

അന്നുമുതൽ അർജന്റീന എന്നത് എനിക്ക് ഒരു രാജ്യം മാത്രമല്ലായിരുന്നു; അത് എന്റെ വികാരമായി മാറി.

ലോകകപ്പ്, കോപ്പ അമേരിക്ക, യൂറോ കപ്പ് – ഏത് വലിയ ടൂർണമെന്റും ഞങ്ങൾ മുടക്കാറില്ലായിരുന്നു. എന്റെ നാടായ മായന്നൂരിൽ, ലോക ഫുട്ബാളിന്റെ എല്ലാ ആവേശവും ഞങ്ങൾ അനുഭവിച്ചിരുന്നത് കുട്ടപ്പേട്ടന്റെ വീട്ടിലായിരുന്നു. രാത്രികൾ പകലാക്കി കളി കണ്ടിരുന്ന ആ കാലം ഇന്നും മനസ്സിലുണ്ട്. ഓരോ ഗോളിലും ആവേശത്തോടെ തുള്ളിച്ചാടിയതും ഓരോ തോൽവിയിലും നിരാശപ്പെട്ടതും അടുത്ത മത്സരത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.

ഞങ്ങളുടെ സ്വന്തം ലോകമായിരുന്നു മായന്നൂരിലെ ഗോൾസ് എഫ്.സി ക്ലബ്ബ്. ലോകകപ്പ് കാലമാകുമ്പോൾ ആ ക്ലബ് ഒരു ആഘോഷവേദിയായി മാറുമായിരുന്നു. കളിക്ക് മുമ്പുള്ള വാദപ്രതിവാദങ്ങൾ, പ്രവചന ചർച്ചകൾ, വിജയത്തിന് ശേഷമുള്ള ആഘോഷങ്ങൾ, തോൽവിയുടെ കണ്ണുനീർ... എല്ലാം ചേർന്നായിരുന്നു ഞങ്ങളുടെ ഫുട്ബോൾ ജീവിതം.

2006 ലോകകപ്പിൽ മെസ്സിയുടെ വരവും 2007 കോപ്പ അമേരിക്കയിലെ അദ്ദേഹത്തിന്റെ പ്രകടനവും 2008 ഒളിമ്പിക്സ് സ്വർണവും കണ്ടപ്പോൾ, റിക്വൽമേക്ക് ശേഷം എന്റെ ഹൃദയത്തിൽ ഇടം പിടിച്ച താരം മെസ്സിയായിരുന്നു. മെസ്സിയുടെ ഓരോ ഡ്രിബിളും ഓരോ ഗോളും ഓരോ കണ്ണീരും എന്റെയും വികാരങ്ങളായി മാറി.

2012-ൽ പ്രവാസജീവിതം ആരംഭിച്ചതുമുതൽ ഇന്നുവരെ ഞാൻ ഒമാനിലാണ്. ജീവിതത്തിന്റെ സാഹചര്യങ്ങൾ നാട്ടിൽനിന്നകറ്റിയെങ്കിലും, ഫുട്ബോളിനോടും അർജന്റീനയോടുമുള്ള സ്നേഹം അങ്ങനെത്തന്നെ നിലനിർത്തി. പ്രവാസ ജീവിതത്തിൽ മറ്റൊരു കുടുംബത്തെയും ലഭിച്ചു; ഒമാനിലെ നേതാജി എഫ്.സി. 2012 മുതൽ ഇന്നുവരെ ആ ക്ലബ്ബിനൊപ്പം ഫുട്ബാളിന്റെ പുതിയ ഓർമകൾ സൃഷ്ടിക്കുകയാണ്. നാട്ടിലെ ഗോൾസ് എഫ്.സി. നഷ്ടപ്പെട്ട വേദനക്ക് ആശ്വാസമായി, നേതാജി എഫ്.സി എന്റെ പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറി.

2022 ഡിസംബർ 18. ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ ദിവസമായിരുന്നു. ഖത്തർ ലോകകപ്പ് ഫൈനൽ ഞാൻ കണ്ടത് ഒമാനിലെ ഗാല കമ്പനി ഫ്ലാറ്റിലായിരുന്നു. എന്നാൽ ആ രാത്രി എന്റെ ശരീരം ഒമാനിലായിരുന്നെങ്കിലും, മനസ്സ് മായന്നൂരിലെ കുട്ടപ്പേട്ടന്റെ വീട്ടിലായിരുന്നു.

ഫുട്ബാൾ എനിക്ക് ഒരു കളിയല്ല; അതെന്റെ ബാല്യമാണ്, എന്റെ നാടാണ്, എന്റെ സൗഹൃദമാണ്, എന്റെ പ്രവാസമാണ്, എന്റെ ജീവിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballOmanArgentineFIFA World Cup 2026
News Summary - My Argentine love
Next Story