കേരളത്തിലെ അർബുദ ബാധിതരുടെ എണ്ണം ആശങ്കാജനകം –ഡോ. നാരായണൻകുട്ടി വാര്യർ
text_fieldsമസ്കത്ത്: കേരളത്തിൽ അർബുദ ബാധിതരുടെ എണ്ണം അപകടകരമായ തോതിൽ ഉയരുകയാണെന്ന് അർബുദ ചികിത്സകൻ ഡോ. നാരായണൻകുട്ടി വാര്യർ. കഴിഞ്ഞ പത്തുവർഷ കാലയളവിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു.
ബോധവത്കരണത്തിന് ഒപ്പം പ്രതിരോധ നടപടികളുമുണ്ടായില്ലെങ്കിൽ വരും വർഷങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നും കോഴിക്കോട് കേന്ദ്രമായുള്ള എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് സെൻററിെൻറ മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോ. നാരായണൻകുട്ടി വാര്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഇന്നാരംഭിക്കുന്ന ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പെങ്കടുക്കാനെത്തിയതാണ് ഡോക്ടറും സംഘവും.
പുകവലിയും ഭക്ഷണശീലങ്ങളിലെ മാറ്റവുമാണ് കേരളത്തിൽ അർബുദം വർധിക്കാൻ പ്രധാന കാരണം. മാട്ടിറച്ചിയുടെയും സംസ്കരിച്ച ഇറച്ചിയുടെയും ഉപയോഗം കൂടുതലാകുന്നത് വിനയാകും. ഭക്ഷണശീലങ്ങൾക്ക് ഒപ്പം ശാരീരിക അധ്വാനങ്ങൾ കുറഞ്ഞതും മാനസിക സമ്മർദവും ഉറക്കക്കുറവുമെല്ലാം കാൻസറിന് വഴിയൊരുക്കാവുന്നതാണ്. ആയുർദൈർഘ്യത്തിലെ വർധന മൂലമുള്ള അർബുദ വർധന ഇത് കൂടാതെയാണ്.
60 ശതമാനം അർബുദ ബാധയും ചികിത്സിച്ച് മാറ്റാവുന്നതാണ്. നേരത്തേ കണ്ടെത്തുകയെന്നതാണ് പ്രധാനം. പ്രവാസികൾ തങ്ങളുടെ ജീവിതശെലിയിൽ മാറ്റം വരുത്തണം. വ്യായാമത്തോട് ഒരിക്കലും വിമുഖത പുലർത്തരുത്. ചികിത്സക്ക് എത്തുന്ന പ്രവാസി മലയാളികളിൽ കൂടുതൽ പേർക്കും ശ്വാസകോശാർബുദമാണ് കണ്ടുവരുന്നത്.
വൻകുടലിലെ അർബുദം ആണ് രണ്ടാമത്. അർബുദചികിത്സക്ക് പച്ചമരുന്നുകൾ ഫലപ്രദമാണെന്ന രീതിയിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗരൂകരാകണമെന്നും ഡോക്ടർ പറഞ്ഞു. എം.വി.ആർ കാൻസർ സെൻററിെൻറ പ്രവർത്തനം മധ്യപൂർവദേശത്തും പ്രത്യേകിച്ച് ഒമാനിലും ശക്തമാക്കുമെന്ന് ഡോക്ടർ പറഞ്ഞു.
ഗൾഫിൽ നിന്ന് പ്രത്യേകിച്ച് ഒമാനിൽ നിന്നുള്ള രോഗികളുടെ ഒഴുക്ക് പരിഗണിച്ചാണിത്. ഇതിനായി ദുബൈയിൽ ഇൻഫർമേഷൻ കേന്ദ്രം സ്ഥാപിക്കും. ഇൗ വർഷം തുടക്കത്തിലാണ് കാൻസർ സെൻറർ പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം തുടങ്ങി 210 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും മറ്റുമായി അയ്യായിരത്തിലധികം രോഗികളെയാണ് പ്രവേശിപ്പിച്ചത്. ലോകനിലവാരമുള്ള സേവനങ്ങൾ ചെലവുകുറഞ്ഞ രീതിയിൽ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോക്ടർ നാരായണൻകുട്ടി പറഞ്ഞു.
അർബുദബാധിതരുടെ കൂട്ടായ്മയുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. അടുത്ത വർഷം അർബുദ പരിശോധനക്കായി പാക്കേജ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്. അർബുദ ചികിത്സയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ നിക്ഷേപ പദ്ധതിയും കാൻസർ സെൻററിെൻറ കീഴിൽ നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 10,000 രൂപയുടെ വീതം യൂനിറ്റുകളാണ് നിക്ഷേപമായി സ്വീകരിക്കുക. പതിനായിരം രൂപ നിക്ഷേപിച്ച് ഒരു വർഷത്തിന് ശേഷം രോഗം കണ്ടെത്തിയാൽ അഞ്ചുലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നൽകും വിധമാണ് പദ്ധതിയെന്നും ഡോക്ടർ പറഞ്ഞു. സെൻറർ വൈസ് ചെയർമാൻ മുഹമ്മദ് അജ്മൽ, സി.എ.ഒ സാജു ജയിംസ്, ഓപറേഷൻസ് വൈസ് പ്രസിഡൻറ് ഡോ. ഷിനൂപ് രാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
