മുവാസലാത്ത് യു.എ.ഇ ബസ് സർവിസ് ഒക്ടോബർ ഒന്ന് മുതൽ പുനഃരാരംഭിക്കും
text_fieldsമസ്കത്ത്: ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് മുവാസലാത്ത് യു.എ.ഇ ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ സർവിസ് നടത്തുമെന്ന് സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) കമ്പനി അധികൃതർ അറിയിച്ചു. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും സർവിസ് നടത്തുക. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കും.
യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും 3.40ന് അബുദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിൽ എത്തും.
കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ്സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചതായിരുന്നു. ഇതാണ് ഇപ്പോൾ പുന:രാരംഭിക്കുന്നത്. അതേസമയം, ദുബൈയിലേക്ക് ഇതുവരെ സർവിസ് ആരംഭിച്ചിട്ടില്ല.

