ഒമാനിൽ തത്സമയ യാത്ര വിവരങ്ങളുമായി മുവാസലാത്ത്
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ബസ് സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും ഒരു റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ (ആർ.ടി.പി.ഐ) സംവിധാനം സ്ഥാപിക്കും. തുടക്കത്തിൽ റൂവി, ബുർജ് അൽ സഹ്‌വ ടെർമിനലുകളിലാണ് ആരംഭിക്കുക.ഇതിനുള്ള കരാർ ഉടൻ നൽകും.
ദീർഘദൂര, സിറ്റി ബസ് സർവിസുകളുടെ ഏകദേശ വരവ്, പുറപ്പെടൽ സമയങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഈ പദ്ധതി സഹായിക്കും. ഇതനുസരിച്ച് ഉയോക്താക്കൾക്ക് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാൻ ഇത് സഹായകമാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
നൂതനമായ സ്മാർട്ട് സൊല്യൂഷനുകളിലൂടെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിലും സ്റ്റാൻഡ്-എലോൺ ബസ് സ്റ്റോപ്പുകളിലും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി ആർ.ടി.പി.ഐ സ്‌ക്രീനുകൾ സ്ഥാപിക്കും. ടെൻഡർ സെപ്റ്റംബർ 15ന് തുറക്കും.
റൂവി ബസ് സ്റ്റേഷനിലെ റിസർവേഷൻ ഓഫിസിലെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കും അറ്റകുറ്റപ്പണികൾക്കുമായി ബിഡുകൾ സമർപ്പിക്കാൻ മുവാസലാത്ത് പ്രത്യേക യോഗ്യതയുള്ള കമ്പനികളെ ക്ഷണിച്ചു. റിസർവേഷൻ സ്റ്റാഫ് ഏരിയയെ ഫെറി ഓപറേഷൻസ് മാനേജ്‌മെന്റിൽനിന്ന് വേർതിരിക്കുന്നതും ജോലിയുടെ പരിധിയിൽ ഉൾപ്പെടും.
നിലവിൽ, യാത്രക്കാർക്ക് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അവരുടെ ബസുകളുടെ ഏകദേശ വരവ് സമയം ട്രാക്ക് ചെയ്യാൻ കഴിയും.ആർ.ടി.പി.ഐ ഡിജിറ്റൽ സ്‌ക്രീനുകൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
കൂടാതെ സ്ഥലങ്ങൾ, എത്തിച്ചേരൽ സമയം, സേവന തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ബസിൽനിന്ന് തത്സമയ ഡാറ്റ സ്വീകരിക്കുന്ന ഒരു കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ബസ് എത്തിച്ചേരുന്ന സമയം, സർവിസ് അലേർട്ടുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, പരസ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ കാണിക്കുന്ന തരത്തിൽ സ്‌ക്രീനുകൾ രൂപകൽപ്പന ചെയ്യാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

