മസ്കത്തിൽ ഇലക്ട്രിക് ബസുകളുമായി മുവാസലാത്ത്
text_fieldsമസ്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടി തുടങ്ങിയ മുവാസലാത്തിന്റെ ഇലക്ട്രിക് ബസ്
മസ്കത്ത്: ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തിലെ തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇലക്ട്രിക് ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചുതുടങ്ങി. ഇലക്ട്രിക് ബസിന്റെ പ്രകടനം വിലയിരുത്തുന്നതിനും നഗര ഗതാഗതത്തിനായുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മുവാസലാത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
2050ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ഒമാന്റെ ലക്ഷ്യവുമായി ഇത് പൊരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ഖരീഫ് സീസണിലും ഒമാൻ ഇലക്ട്രിക് ബസുകൾ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ബസ്. മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ രൂപകൽപന ചെയ്തിരിക്കുന്നതിനാൽ നഗര പരിതഃസ്ഥിതികൾക്ക് ഇത് വളരെ അനുയോജ്യമാകും.
കാർബൺ ബഹിർഗമനം കുറക്കാനുള്ള മുവാസലാത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇലക്ട്രിക് ബസുകളിലേക്കുള്ള നീക്കം. കമ്പനി തങ്ങളുടെ സുസ്ഥിരതാ പദ്ധതികളെ പ്രവർത്തനക്ഷമമായ സംരംഭങ്ങളാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത പരിഹാരങ്ങളിലേക്കുള്ള വിശാലമായ പരിവർത്തനത്തെ പിന്തുണക്കുകയും ചെയ്യുന്നു. എം.എ.എൻ കമ്പനിയുമായി കൈകോർത്താണ് മുവാസലാത്ത് ഇലക്ട്രിക് ബസുകൾ യാഥാർഥ്യമാക്കിയിരിക്കുന്നത്. 2024 ലെ വേൾഡ് ട്രാൻസ്പോർട്ട് ആൻഡ് പബ്ലിക് ട്രാൻസ്പോർട്ട് യൂനിയൻ കോൺഫറൻസിലെ ചർച്ചകൾക്ക് അനുസൃതമായാണ് എം.എ.എൻ കമ്പനി ബസ് നിർമിച്ചത്.
ഇലക്ട്രിക് ബസുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ, സുസ്ഥിരത, ഹരിത നൂതനാശയങ്ങൾ എന്നിവ കോൺഫറൻസിൽ അന്താരാഷ്ട്ര ഗതാഗത വിദഗ്ധർ എടുത്തുകാണിക്കുകയും ചെയ്തിരുന്നു. മറ്റു ഗവർണറേറ്റുകളിലേക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതുൾപ്പെടെ രാജ്യത്തുടനീളമുള്ള പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭവുമായിട്ടാണ് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം മുന്നോട്ടുപോകുന്നത്.
ദാഖിലിയയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. മറ്റു രണ്ട് ഗവർണറേറ്റുകളുമായും സമാനമായ പദ്ധതികളുണ്ടെന്ന് ഗതാഗത അണ്ടർ സെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ശമാഖി പറഞ്ഞു. മുവാസലാത്ത് നടത്തുന്ന മസ്കത്ത് ഇന്റർ-സിറ്റി സർവീസുകൾ പുനഃപരിശോധിക്കാൻ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. സമഗ്രമായ പഠനം നടത്താൻ അന്താരാഷ്ട്ര കൺസൾട്ടന്റിന് ഒരു ടെൻഡർ നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.