മസ്കത്ത്-ഷാർജ റൂട്ടിൽ ബസ് സർവിസിനൊരുങ്ങി മുവാസലാത്ത്
text_fieldsമസ്കത്ത്-ഷാർജ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: മസ്കത്ത്-ഷാർജ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കാനൊരുങ്ങി ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. ഈ റൂട്ടിൽ ഗതാഗത സർവിസ് ആരംഭിക്കുന്നതിന് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (എസ്.ആർ.ടി.എ) ഗതാഗത കരാറിൽ ഒപ്പുവെച്ചു. ഷാർജയിലെ എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
മസ്കത്തിലെ അസൈബ സ്റ്റേഷനിൽനിന്ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് പ്രതിദിന സർവിസുകളാണ് ആരംഭിക്കുന്നത്. അതിർത്തിയിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സ്പെഷ്യൽ റൂട്ടുകളും അനുവദിക്കും. മുവാസലാത്തിന്റെ ഡയറക്ട് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമായ www.mwasalat.om വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ രണ്ട് രാജ്യങ്ങളിലേയും ബസ് സ്റ്റേഷനുകളിലുള്ള ഔട്ട്ലറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. അതേസമയം ടിക്കറ്റ് ചാർജ്, സർവിസ് സമയം എന്നി ഉൾപ്പെടെയുള്ള കാര്യങ്ങൾ മുവാസലാത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടു വഴി പുറത്തുവിടും.
ഒമാനിനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിൽ അന്താരാഷ്ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം മുന്നേറ്റം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗതം, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകളിൽ അന്താരാഷ്ട്ര ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു.
ലോകോത്തര നിലവാരങ്ങളുമായി റീജിയണൽ ട്രാൻസ്പോർട്ട് ഓപറേറ്ററാകുക എന്ന മുവാസലാത്തിന്റെ ലക്ഷ്യങ്ങളുമായി ഇത് ഒത്തുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്ക് ഗതാഗത മേഖലയെ സേവിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും പറഞ്ഞു.
നിലവിൽ മുവാസലാത്ത് അബൂദബിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. മസ്കത്തിൽനിന്ന് വൺവേക്ക് 11.500 ഈടാക്കുന്നത്. അസൈബയിൽനിന്ന് കാലത്ത് 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് മുമ്പ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും 3.40 ന് അബൂദബിയിലും എത്തും. രാവിലെ 10.30ന് അവിടെനിന്ന് പുറപ്പെടുന്ന ബസ് രാത്രി 8.45 ന് മസ്കത്തിലെത്തും. യാത്രക്കാർക്ക് 23 കിലോ ലഗേജും ഏഴു കിലോ ഹാന്റ്ബാഗും കൊണ്ട്പോകാൻ കഴിയും. രാജ്യത്തെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മുവാസലാത്തിന്റെ ബസ് വഴി യാത്ര ചെയ്തത് 42 ലക്ഷത്തിലധികം ആളുകളാണ്. മുൻ വർഷത്തെക്കാൾ 40 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

