ഇ-ബസിലൊരു സവാരി ഗിരി ഗിരി...
text_fieldsമസ്കത്ത് നഗരത്തിൽ സർവിസ് നടത്തുന്ന മുവാസലാത്തിന്റെ ഇലക്ട്രിക് ബസ്
മസ്കത്ത്: ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് നടത്തിയ ഇലക്ട്രിക് ബസ് സൗജന്യ യാത്ര ഉപയോഗപ്പെടുത്തിയത് നിരവധി പേർ. റൂവി-മത്ര-മസ്കത്ത് റൂട്ടിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ബസ് സർവിസ് സ്വദേശികൾക്കും വിദേശികൾക്കും നവ്യാനുഭവമായിരുന്നു. സുസ്ഥിര ഗതാഗതസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മൂന്ന് ദിവസമാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. ഉച്ചക്ക് 2.30 മുതല് രാത്രി 10 വരെയായിരുന്നു സർവിസ്. സൗജന്യ യാത്ര ഇന്നുകൂടി പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
2050 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കാനായി സൗജന്യ ബസ്സർവിസ് നടത്തുത്. ഗതാഗതമേഖലയിൽ നിന്നുള്ള മലിനീകരണം കുറക്കാൻ ഒമാൻ വിവിധ വകുപ്പുകളുമായി ചേർന്ന് യോജിച്ച പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2023നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 300 ശതമാനം വർധനയുണ്ടായി. 2023ൽ 550 എണ്ണമുണ്ടായിരുന്നതെങ്കിൽ 2024ൽ 1500 ആയി ഉയർന്നു. ഇലക്ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം, സ്വകാര്യ മേഖലയുമായി സഹകരിച്ച് 200ല ലധികം ചാർജിങ് പോയൻറുകൾ സ്ഥാപിച്ചു. 2027ഓടെ വിവിധ ഗവർണറേറ്റുകളിലായി 350ലധികം ചാർജിങ് പോയിൻറുകൾ സ്ഥാപിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ഉപയോഗം വർധിപ്പിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. കസ്റ്റംസ് നികുതിയിൽ നിന്ന് 100 ശതമാനം ഇളവ്, റോയൽ ഒമാൻ പൊലീസിൽ (ആർ.ഒ.പി) ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിൽ നിന്ന് ഒഴിവാക്കൽ, വാഹനങ്ങൾക്കും സ്പെയർ പാർട്സിനും പൂജ്യം ശതമാനം മൂല്യവർധിത നികുതി എന്നിവയാണ് സർക്കാർ വാഗ്ദാനം.
വാഹനങ്ങൾ ചാർജിങ് സുഗമമാക്കുന്നതിനും യാത്രാപരിധിയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനും നിരവധി നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയും വികസിപ്പിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ അറ്റകുറ്റപ്പണിയേ ഇലക്ട്രിക് വാഹനങ്ങൾക്കുള്ളൂ എന്നത് നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

