മത്രയിലെ മലയാളികളുടെ ഇടം ഇനി ഓർമ; മജീദിന്റെ ചായക്കട വിസ്മൃതിയിലേക്ക്
text_fieldsമത്രയിലെ ബലദിയ പാർക്കിലെ മജീദിന്റെ ചായക്കട
മത്ര: ഒരു ചായയ്ക്കൊപ്പം നാട്ടുവിശേഷങ്ങൾ, രാഷ്ട്രീയം, സൗഹൃദങ്ങൾ. മൂന്നര പതിറ്റാണ്ടിലേറെയായി മത്രയിലെ ബലദിയ പാർക്കിൽ മലയാളികൾക്ക് ഇതെല്ലാം പങ്കുവെക്കാനുള്ള ഇടമായിരുന്നു മജീദിന്റെ ചായക്കട. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലർക്കും സ്വന്തം നാട്ടിലെ ചായക്കടയുടെ അനുഭവം സമ്മാനിച്ച ഇടം ഇനി ഓർമകളിലേക്ക്.
ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് കണ്ണൂർ അത്താഴക്കുന്ന് സ്വദേശി മജീദ് കടയുടെ പ്രവർത്തനം അവസാനിപ്പിച്ചു. മത്രയിലെത്തുന്ന മലയാളികൾക്ക് ചായ കുടിച്ചുപോകാനുള്ള ഇടം മാത്രമായിരുന്നില്ല ഈ കട. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുമെത്തുന്നവർക്ക് വഴികാട്ടിയായിരുന്നു ഇവിടം.
നാട്ടിലെ ചായമക്കാനിയെ ഓർമിപ്പിക്കുന്ന അന്തരീക്ഷം, പരിചിതമായ മുഖങ്ങൾ, വിശേഷങ്ങൾ ചോദിച്ചറിയുന്ന സൗഹൃദങ്ങൾ. ദിവസവും നൂറുകണക്കിന് മലയാളികൾ ഒത്തുകൂടിയിരുന്ന ഇവിടെ ചായക്കൊപ്പം പങ്കുവെക്കപ്പെട്ടത് പ്രവാസികളുടെ ജീവിതം തന്നെയായിരുന്നു.
നാട്ടിലെ രാഷ്ട്രീയവും കുടുംബവിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഈ കൊച്ചുകടയിലെ സംഭാഷണങ്ങളിൽ ഇടംപിടിച്ചു.മത്രയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും മജീദിന്റെ കട സജീവമായി പങ്കുചേർന്നു. റമദാനിലെ ഇഫ്താർ ഒരുക്കങ്ങൾക്കും വിശേഷ ദിവസങ്ങളിലെ പായസ വിതരണത്തിനുമെല്ലാം ഈ സ്ഥാപനം കൂട്ടായി നിന്നു. പലർക്കും പരിചയക്കാരെ കണ്ടുമുട്ടാനും പുതിയ സൗഹൃദങ്ങൾ തുടങ്ങാനുമുള്ള ഇടം കൂടിയായിരുന്നു ഇത്.
മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ബന്ധത്തിന് ഇപ്പോൾ വിരാമമാകുമ്പോൾ, മജീദിന്റെ കടയുടെ വാതിലുകൾ അടയുന്നത് ഒരു വ്യാപാരസ്ഥാപനം മാത്രമല്ല മത്രയിലെ മലയാളികളുടെ പ്രവാസകാല ഓർമകളിൽ ഇടം നേടിയ ഒരു കൂടിച്ചേരൽ കേന്ദ്രം കൂടിയാണ്. ഇനി അവിടെ ചായ കുടിക്കാനെത്തുമ്പോൾ പഴയ പരിചിത മുഖങ്ങളെയും നാട്ടുവർത്തമാനങ്ങൾ നിറഞ്ഞ ആ സായാഹ്നങ്ങളെയും പലരും ഓർത്തെടുക്കും.

