മത്ര: പൈതൃകത്തിന്റെ സൂഖിൽ നിന്ന് ആധുനികതയുടെ മലമുകളിലേക്ക്
text_fieldsമത്ര: ഒമാന്റെ സമുദ്രവ്യാപാര ചരിത്രത്തിൽ മത്രക്ക് പറയാൻ നിരവധി കഥകളുണ്ട്. നൂറ്റാണ്ടുകളായി കടലിനെയും കരയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന തുറമുഖ പ്രദേശങ്ങളിലൊന്നായിരുന്നു മത്ര. അറേബ്യൻ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കച്ചവടക്കാർക്കും നാവികർക്കും വ്യാപാരികൾക്കും പരിചിതമായിരുന്ന ഇടം.
കടൽവ്യാപാരത്തിന്റെ തിരക്കുകളും പഴയ കച്ചവടപ്പാതകളും ഇന്നും മത്രാ സൂഖിന്റെ ഇടുങ്ങിയ വഴികളിലും പുരാതന കെട്ടിടങ്ങളിലും പ്രതിധ്വനിക്കുന്നു. കടലിലേക്ക് തുറന്നുകിടക്കുന്ന കോർണിഷും അതിന് പിന്നിൽ കാവലായി നിൽക്കുന്ന മലനിരകളും കോട്ടകളും മത്രയുടെ ചരിത്രത്തിന്റെ ഭാഗമാണ്. പഴയ തുറമുഖവും പരമ്പരാഗത വിപണിയും കോട്ടകളും ചേർന്ന മത്ര, ഒമാന്റെ പൈതൃകവും കടൽ സംസ്കാരവും ഏറ്റവും വ്യക്തമായി അനുഭവിക്കാവുന്ന പ്രദേശങ്ങളിലൊന്നായി ഇന്നും നിലകൊള്ളുന്നു.
എന്നാൽ, ചരിത്രശേഷിപ്പുകളുറങ്ങുന്ന മത്ര പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. കടൽത്തീരത്ത് ഒരുങ്ങുന്ന പുതിയ ജലതീര വികസന പദ്ധതിയും മലനിരകളിലുയരുന്ന കേബിൾ കാർ പദ്ധതിയും അതിനൊപ്പം ബഹുനില പാർക്കിങ് സൗകര്യവും പുതിയ പൊതുഇടങ്ങളും വരുന്നതോടെ മത്രയുടെ മുഖച്ഛായയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തെ മാറ്റിനിർത്തിയല്ല, അതിനൊപ്പം ആധുനിക ജീവിതശൈലിയും വിനോദവും വിനോദസഞ്ചാരവും കൂട്ടിച്ചേർത്താണ് പുതിയ മത്ര ഒരുങ്ങുന്നത്.
മത്ര വാട്ടർ ഫ്രന്റ് വികസന പദ്ധതി
മത്ര വാട്ടർ ഫ്രന്റ് വികസനം സുൽത്താൻ ഖാബൂസ് പോർട്ട് വാട്ടർ ഫ്രണ്ട് പുനർവികസന പദ്ധതിയുടെ ഭാഗമായുള്ള പുതിയ സമഗ്ര വികസന പദ്ധതിയാണ്. അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ വി.എ ഗ്രൂപ്പ്, ഒമ്രാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതിയുടെ ഒരു ഘട്ടം വികസിപ്പിക്കുന്നത്. പോർട്ട് സുൽത്താൻ ഖാബൂസ് വാട്ടർ ഫ്രന്റ് വികസന പദ്ധതിയുടെ ഭാഗമായി ഒരു ഘട്ടം നടപ്പാക്കുന്ന ആദ്യ അന്താരാഷ്ട്ര വികസന കമ്പനിയാണ് വിഎ ഗ്രൂപ്പ്.
ഏകദേശം 18.5 ഹെക്ടർ പ്രദേശത്താണ് വിഎ ഗ്രൂപ്പിന്റെ മത്രാ ജലതീര വികസനം. 23 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിക്ക് തുല്യമാണ് ഈ പ്രദേശം. ഇത് ഒരു ഹോട്ടൽ പദ്ധതിയോ ഷോപ്പിങ് കേന്ദ്രമോ മാത്രമല്ല. താമസം, വിനോദം, വ്യാപാരം, സംസ്കാരം, പൊതുഇടങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര ജീവിതശൈലി കേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രഖ്യാപിച്ചിരിക്കുന്ന രൂപരേഖ പ്രകാരം നിരവധി സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഉയർന്ന നിലവാരത്തിലുള്ള താമസസൗകര്യങ്ങൾ, ജലതീര നടപ്പാത, പാർക്കുകളും പച്ചപ്പാർന്ന പൊതുഇടങ്ങളും, കായിക-വിനോദ സൗകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, സാംസ്കാരിക ആകർഷണങ്ങൾ.. ഇങ്ങനെ പോകുന്നു സൗകര്യങ്ങൾ. അതായത്, മത്രയിലെത്തുന്ന ഒരാൾക്ക് സൂഖ് കാണുകയും കോർണിഷിലൂടെ നടക്കുകയും ചെയ്യുന്നതിൽ മാത്രം യാത്ര ഒതുങ്ങില്ല.
താമസം, ഭക്ഷണം, വ്യാപാരം, വിനോദം, സംസ്കാരം, കടൽക്കാഴ്ച എന്നിവയെല്ലാം ഒരേ പ്രദേശത്ത് അനുഭവിക്കാവുന്ന രീതിയിലേക്ക് മത്ര മാറും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഖാബൂസ് പോർട്ട് വികസന പദ്ധതിയുടെ ഭാഗം
പോർട്ട് സുൽത്താൻ ഖാബൂസ് ജലതീര പുനർവികസനം എന്ന വലിയ നഗര-വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമാണ് മത്ര വാട്ടർ ഫ്രന്റ് പ്രൊജക്ട്. ചരിത്രപ്രാധാന്യമുള്ള തുറമുഖ പ്രദേശത്തെ പുതിയ തലമുറയുടെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം പ്രദേശത്തിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ സ്വഭാവം സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യാപാരകേന്ദ്രങ്ങൾ, പൈതൃക ഹോട്ടൽ, താമസസൗകര്യങ്ങൾ, നൗകാതുറമുഖം തുടങ്ങിയ ആശയങ്ങൾക്കൊപ്പം കൂടുതൽ പാർക്കിങ് സൗകര്യങ്ങളും പൊതുഇടങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുങ്ങുകയാണ്. പുതിയ ബഹുനില പാർക്കിങ് സൗകര്യവും മത്രയിൽ ഒരുക്കുന്നുണ്ട്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒമ്രാൻ ഗ്രൂപ്പ് കരാറുകാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ഥലമൊരുക്കൽ, താൽക്കാലിക പാർക്കിങ്, നടപ്പാതകൾ, ദിശാസൂചനകൾ, പഴയ ഘടനകളുടെ നീക്കം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക.
ഇതിനൊപ്പം മത്ര സ്ക്വയറിനെ പുതിയൊരു നഗര അടയാളമാക്കി മാറ്റാനും പദ്ധതിയുണ്ട്. ജലതീരത്തിന്റെയും സമീപത്തെ പ്രധാന കാഴ്ചകളുടെയും വിശാല ദൃശ്യം ലഭിക്കുന്ന നടപ്പാലവും ഇവിടെ പരിഗണിക്കുന്നുണ്ട്. സൂഖിന്റെ മുൻഭാഗത്തിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശാലകൾക്കും കഫേകൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
പൈതൃകത്തിലൂന്നിയ പുതിയ മത്ര
പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ വശം ഇതാണ്. മത്രയുടെ ചരിത്രവും സാംസ്കാരിക സ്വത്വവും മാറ്റിസ്ഥാപിക്കുകയല്ല ലക്ഷ്യമെന്ന് വിഎ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുരാതന തുറമുഖം, സൂഖ്, കോട്ടകൾ, പഴയ താമസമേഖലകൾ എന്നിവയുടെ പശ്ചാത്തലത്തോട് ചേർന്നാണ് പുതിയ വികസനം രൂപകൽപ്പന ചെയ്യുന്നത്.
അതിനാൽ പുതിയ മത്രയുടെ ചിത്രം ഒരു ആധുനിക നഗരത്തിന്റെ ചിത്രം മാത്രമായിരിക്കില്ല. പഴയ സൂഖിന്റെ ഇടുങ്ങിയ വഴികൾക്ക് സമീപം പുതിയ ജീവിതശൈലി ഇടങ്ങൾ, ചരിത്ര കോട്ടകൾക്ക് പിന്നിൽ ആധുനിക താമസകേന്ദ്രങ്ങൾ, പഴയ തുറമുഖത്തിന്റെ ഓർമകൾക്കൊപ്പം പുതിയ ജലതീര നടപ്പാത...പൈതൃകവും ആധുനികതയും ഒരേ കാഴ്ചയിൽ എത്തുന്ന നഗരാനുഭവമായിരിക്കും മത്രയിൽ രൂപപ്പെടുക.
മത്രയുടെ പുതിയ മുഖത്ത് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മാറ്റമാണ് കേബിൾ കാർ. മത്ര ടെലിഫെറിക് എന്ന പേരിലുള്ള കേബിൾ കാർ പദ്ധതിയുടെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 18 കേബിൾ കാറുകളാണ് സർവീസിനായി സജ്ജമായിരിക്കുന്നത്. മൂന്ന് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ തുറമുഖ ഭാഗം, അൽ റായ സ്റ്റേഷൻ, ഹയ് അൽ വാർദ് അഥവാ ഫ്ലവർ പാർക്ക് എന്നിവ ഉൾപ്പെടുന്നു.
കടലിന് മുകളിലൂടെ സഞ്ചരിക്കുന്ന കേബിൾ കാറിൽ നിന്ന് മത്രയുടെ ചരിത്രതീരം, മലനിരകൾ, തുറമുഖം എന്നിവയുടെ വിശാല ദൃശ്യം കാണാനാകും. പദ്ധതിയിൽ 70-ലേറെ വ്യാപാര-ഭക്ഷണശാലകളും കുടുംബ വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പ്രതിവർഷം ഏകദേശം 40 ലക്ഷം സന്ദർശകരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
നൂറിലേറെ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. ഇതോടെ മത്രയുടെ കാഴ്ചാനുഭവം തന്നെ മാറും.ഇതുവരെ കോർണിഷിൽ നിന്ന് കടലിലേക്കും മലകളിലേക്കും നോക്കിയിരുന്ന സന്ദർശകർക്ക് ഇനി മലമുകളിൽ നിന്ന് മത്രയെയും കടലിനെയും തുറമുഖത്തെയും നഗരത്തെയും കാണാം.
നാളെയുടെ മത്രയിൽ ഒരു സഞ്ചാരിയുടെ ദിവസം ഇങ്ങനെയായിരിക്കും. രാവിലെ മത്രാ സൂഖിലൂടെ ഒരു നടത്തം. ചരിത്രത്തിന്റെ കഥ പറയുന്ന കോട്ടകൾ കാണാം. കോർണിഷിൽ കടൽക്കാറ്റ് ആസ്വദിക്കാം. പുതിയ ജലതീര നടപ്പാതയിലൂടെ നടക്കാം. വ്യാപാര-ഭക്ഷണ-വിനോദ കേന്ദ്രങ്ങളിൽ സമയം ചെലവഴിക്കാം. പിന്നെ കേബിൾ കാറിൽ മലമുകളിലേക്ക്.
അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ പഴയ സൂഖും തുറമുഖവും കടലും മലകളും പുതിയ നഗരക്കാഴ്ചകളും ഒരേ ഫ്രെയിമിൽ.ചരിത്രം, കടൽ, മല, സംസ്കാരം, ആധുനിക ജീവിതശൈലി എല്ലാം ഒരേ യാത്രയിൽ. ഇതാണ് മത്രയുടെ പുതിയ സാധ്യത. മത്രയെ ഇന്നും പലരും ഓർക്കുന്നത് പഴയ സൂഖിന്റെയും തുറമുഖത്തിന്റെയും കടൽക്കാറ്റിന്റെയും പേരിലാണ്.
എന്നാൽ വരും വർഷങ്ങളിൽ മത്രയെ ഓർക്കാൻ കൂടുതൽ കാരണങ്ങളുണ്ടാകും.18.5 ഹെക്ടറിലെ പുതിയ ജലതീര വികസനം. കടലിനോട് ചേർന്ന പുതിയ പൊതുഇടങ്ങൾ.പുതിയ താമസ-വിനോദ കേന്ദ്രങ്ങൾ. സാംസ്കാരികവും വ്യാപാരപരവുമായ പുതിയ അനുഭവങ്ങൾ. ബഹുനില പാർക്കിങ് സൗകര്യങ്ങൾ. പുതിയ മത്ര സ്ക്വയറും നടപ്പാലവും. മലമുകളിലേക്ക് ഉയരുന്ന കേബിൾ കാർ. ഇതെല്ലാം ചേർന്ന് മത്രയുടെ മുഖം മാറുകയാണ്.
പക്ഷേ ആ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, പുതിയ മത്ര വരുമ്പോഴും പഴയ മത്രയുടെ ഭംഗി നിലനിർത്തുകയെന്നതാണ്. സൂഖിൽ നിന്ന് ജലതീരത്തിലേക്ക്,കടലിൽ നിന്ന് മലമുകളിലേക്ക്, പൈതൃകത്തിൽ നിന്ന് ആധുനികതയിലേക്ക്... മസ്‌കത്തിന്റെ ചരിത്രഹൃദയമായ മത്ര ഇനി ഭാവിയിലേക്ക് ചുവടുവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

