മസ്കത്തില്‍ പുതിയ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി വരുന്നു
text_fieldsമസ്കത്ത്: മസ്കത്തില്‍ പുതിയ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി കൂടി വരുന്നു. ഹൈടെക്ക് സംവിധാനങ്ങളുള്ള നൂറു കിടക്കകളോടെയുള്ള ആശുപത്രി രണ്ട് ഒമാനി ബിസിനസ് ഗ്രൂപ്പുകളും പോര്‍ചുഗീസ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡര്‍മാരും സംയുക്തമായാണ് നിര്‍മിക്കുന്നത്. ഒമാന്‍ ബ്രൂണൈ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയും സുഹൈല്‍ ബഹ്വാന്‍ ഗ്രൂപ്പും പോര്‍ച്ചുഗല്‍ ആസ്ഥാനമായ ഐഡിയല്‍ മെഡ് ഗ്രൂപ്പും ചേര്‍ന്ന് രൂപം നല്‍കിയ അല്‍ ആഫിയ ഹെല്‍ത്ത്കെയര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റ് കമ്പനിയാണ് ആശുപത്രിയുടെ പ്രായോജകര്‍.
ഐഡിയല്‍ മെഡ് മസ്കത്ത് എന്നു പേരിട്ടിരിക്കുന്ന ആശുപത്രി അല്‍ ഗൂബ്രയില്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിലാണ് വരുന്നത്. പതിനായിരം സ്ക്വയര്‍ മീറ്ററില്‍ ആറു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ സ്പെഷലൈസ്ഡ് സെന്‍ററുകളടക്കം 43 ക്ളിനിക്കുകള്‍ ഉണ്ടാകും. മുഴുവന്‍ സമയ സേവനവും ഇവിടെ ലഭ്യമാക്കുമെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ ആശുപത്രിയുടെ നിര്‍മാണമാരംഭിക്കും. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകും.
2020ഓടെ പൂര്‍ണസജ്ജമായി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. രാജ്യത്തെ ഹെല്‍ത്ത്കെയര്‍ മേഖലയെയും വൈദ്യചികിത്സയെയും പുതിയ തലത്തിലേക്ക് തിരിച്ചുവിടുന്നതാകും ഐഡിയല്‍ മെഡിന്‍െറ കടന്നുവരവെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് അലക്സാണ്ട്രെ ദാ കുന്‍ഹ പറഞ്ഞു.
ഐഡിയല്‍ മെഡിനെ പങ്കാളികളായി ലഭിച്ചത് ഉയര്‍ന്നതലത്തിലുള്ള പരിചരണവും പരിരക്ഷയും ഉറപ്പാക്കുമെന്ന് ഒമാന്‍ ബ്രൂണൈ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഖൈസ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഖാറൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
