മസ്കത്ത്: കുവൈത്തിലെ അൽജാബർ സ്റ്റേഡിയത്തിൽ ഒമാൻ ആരാധകർ ആവേശത്തിരകളുയർത്തി. ടീം ജഴ്സിയണിഞ്ഞെത്തിയ ആരാധകക്കൂട്ടം ടീമിനെ ആദ്യന്തം ആരവങ്ങളുയർത്തി പ്രോത്സാഹിപ്പിച്ചു. ഒമാൻ ഫുട്ബാൾ അസോസിയേഷനും ഒമാൻ കായിക മന്ത്രാലയവും സ്വീകരിച്ച നടപടികൾ നിരവധി ആരാധകർക്ക് കളി കാണാനുള്ള അവസരമൊരുക്കി.
എട്ട് വിമാന സർവിസുകൾ കളി കാണാൻ പോകുന്നവർക്കായി സൗജന്യമായി ഒരുക്കിയിരുന്നു. ഒമാൻ എയർ, സലാം എയർ വിമാനക്കമ്പനികളും കാണികളെ സ്റ്റേഡിയത്തിലെത്തി കളി കാണുന്നതിന് പ്രോത്സാഹിപ്പിച്ചു. കുവൈത്തിലേക്കുള്ള സ്പെഷൽ വിമാന സർവിസുകളിൽ നാമമാത്ര നിരക്ക് മാത്രമാണ് ഇരു കമ്പനികളും ഇൗടാക്കിയിരുന്നത്.ചൊവ്വാഴ്ച പുലർച്ച മുതൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചുവപ്പൻ ജഴ്സിയണിഞ്ഞ ആരാധകർ സംഗീതമാലപിച്ചും നൃത്തച്ചുവടുകൾ വെച്ചും യാത്ര ആഘോഷമാക്കി.