മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂർണമെന്റ് 21, 22 തീയതികളിൽ
text_fieldsമസ്കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗ് സംഘാടകർ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂർണമെന്റ് (എം.ടി.സി.എൽ ) സീസൺ ഒന്ന് ഫെബ്രുവരി 21 , 22 തീയതികളിൽ നടക്കുമെന്ന് മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ.
ഒമാനിൽ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ടെന്നിസ് ബാൾ ക്രിക്കറ്റ് താരങ്ങൾ അതിഥികളായി പങ്കെടുക്കും . ജേതാക്കൾക്ക് 2000 ഒമാനി റിയാലാണ് സമ്മാനത്തുകയായി നൽകുക. രണ്ടാം സ്ഥാനക്കാർക്ക് 1000 റിയാലും മൂന്നും , നാലും സ്ഥാനക്കാർക്ക് 250 റിയാൽ വീതവും നൽകും. ഇതിനുപുറമെ വ്യക്തിഗത മികവിന് കളിക്കാർക്കും സമ്മാനത്തുക ലഭിക്കും . ഒമാനിലെ 24 മുൻനിര ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.
ഓരോ ടീമിനും രണ്ടു വിദേശ താരങ്ങളെ അതിഥി താരങ്ങളായി കളിപ്പിക്കാം. ഐ.പി.എൽ മാതൃകയിൽ കളിക്കാർക്കായുള്ള താരലേലം മസ്കത്തിൽ നടന്നു. ടൂർണമെന്റിൽ പാകിസ്താൻ ടെന്നീസ് ബാൾ ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമായ തൈമൂർ മിർസ മസ്കത്തിൽ ബാറ്റുകൊണ്ട് ഇന്ദ്രജാലം തീർക്കാൻ എത്തും. ടി10 ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ തോമസ് ഡയസ് ഉൾപ്പെടെ ഇന്ത്യയിൽനിന്നും ഒട്ടേറെ താരങ്ങൾ ടൂർണമെന്റിൽ പങ്കാളിയാകും. ടൂർണമെന്റിന്റെ ഓൺലൈൻ ലൈവ് ടെലികാസ്റ്റും ഉണ്ടാകും.
ഒമാനിലെ ആദ്യ അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയമായ ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ വാതിലുകൾ ടെന്നിസ് ബാൾ ക്രിക്കറ്റിനായി തുറക്കുന്നത് ഞങ്ങളിലൂടെയാണ് എന്നത് അഭിമാനപൂർവം എടുത്തു പറയേണ്ട ഒന്നാണെന്ന് സംഘാടകർ പറഞ്ഞു.
ഈയൊരു ടൂർണമെന്റോടെ ഒമാൻ അന്തർദേശീയ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീം രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളിലെ അന്തർദേശീയ ടെന്നിസ് ബാൾ ക്രിക്കറ്റ് ടീമുകളെ പെങ്കടുപ്പിച്ച് ഗൾഫ് കപ്പ്, ഏഷ്യ കപ്പ് , ടെന്നിസ് ബാൾ ക്രിക്കറ്റ് ലോകകപ്പും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. അതിനായി സ്വന്തമായി ഗ്രൗണ്ട്, സ്റ്റേഡിയം എന്നിവയും സ്വപ്ന പദ്ധതികളാണ്.
ഒമാൻ കായിക മന്ത്രാലയത്തിന് ഞങ്ങൾ ഈ പദ്ധതി സമർപ്പിച്ചപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്. അതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് സ്ഥാപകനും ചെയർമാനുമായ കെ.സി.ഷഹീർ, സെക്രട്ടറി ലിജു മേമന, സംഘാടകരായ അനുരാജ് രാജൻ, മുഹമ്മദ് റാഫി സ്പോൺസർമാരായ സന്തോഷ് (ബ്രേവ് ഹേർട്ട്), ഹമൂദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

