മുഖ്യമന്ത്രിയെ വരവേൽക്കാനൊരുങ്ങി മസ്കത്ത്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
text_fieldsഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മുന്നൊരുക്ക അവലോകന യോഗത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു
മസ്കത്ത്: ഒക്ടോബർ 24 ന് മസ്കത്ത് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23, 24, 25 തീയതികളിലായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ(ഐ സി എഫ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി ഒമാനിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആലോചനയോഗം കഴിഞ്ഞദിവസം റൂവിയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്നു. ഐ.സി.എഫ് സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു. മാധ്യമ-സാമൂഹിക പ്രവർത്തകനും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് അനുഭവം പങ്കുവെച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനറും ഐ.സി.എഫ് സംഘാടകസമിതി കൺവീനറുമായ അജയൻ പൊയ്യാറ, സംഘാടക സമിതി വൈസ് ചെയർമാൻ കെ.കെ. സുനിൽ കുമാർ, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്നകുമാർ, വിവിധ സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.
26 വർഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഒമാൻ പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പൂർണപിന്തുണ വാഗ്ദാനം ചെയ്യുന്നതായി യോഗത്തിൽ പങ്കെടുത്തവർ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. അമറാത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ ‘മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി ഐ.സി.എഫ് അരങ്ങേറും. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന-വിതരണ കമ്പനിയായ 'ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്' ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ഇന്ത്യൻ അംബാസിഡർ, ഇന്ത്യയിൽനിന്നും ഒമാനിൽനിന്നുമുള്ള കല-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റു പ്രമുഖ വ്യക്തികൾ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷനൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

