മസ്കത്ത് പൂരത്തിന് കൊട്ടിക്കലാശം
text_fields‘മസ്കത്ത് പൂര’ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗിനെ തിച്ചൂർ
സുരേന്ദ്രൻ പൊന്നാടയണിയിക്കുന്നു
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ 20ാം വാർഷികാഘോഷം ‘മസ്കത്ത് പൂരം’ അൽ ഫലജ് ഹോട്ടലിൽ നടന്നു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. രാകേഷ് കമ്മത്ത് അവതരിപ്പിച്ച സോപാന സംഗീതത്തോടെയാണ് പരിപാടിയുടെ ഭദ്രദീപം തെളിച്ചത്. അധ്യക്ഷത വഹിച്ച മസ്കത്ത് പഞ്ചവാദ്യസംഘം ഗുരു തിച്ചൂർ സുരേന്ദ്രൻ, കോഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ എന്നിവർ കൂട്ടായ്മയെക്കുറിച്ച് വിശദീകരിച്ചു.
സാലിം സൈദ് അൽ മുവാത്തി (ഡയറക്ടർ ജനറൽ മ്യൂസിയം), ഡ്രമ്മർ ശിവമണി, സാമൂഹിക ക്ഷേമ പ്രവർത്തകൻ സന്തോഷ് ഗീവർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. രതീഷ് പട്ടിയത്ത് സ്വാഗത പ്രസംഗവും വാസുദേവൻ തളിയറ നന്ദിയും പറഞ്ഞു. പ്രശസ്ത പഞ്ചവാദ്യ കലാകാരൻ കുട്ടനെല്ലൂർ രാജൻ മാരാരുടെ കൊടിയേറ്റത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
നാട്ടിൽ നിന്നെത്തിയ കലാകാരന്മാരും മസ്കത്ത് പഞ്ചവാദ്യ സംഘാംഗങ്ങളും ചേർന്ന് കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ്, പഞ്ചവാദ്യം എന്നിവ അവതരിപ്പിച്ചു. ശിവമണി അവതരിപ്പിച്ച ഉപകരണ സംഗീതം ഏറെ ഹൃദ്യമായി. ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും പ്രമാണിമാരായി നടത്തിയ പഞ്ചാരിമേളം ഏവരെയും നാട്ടിലെ പൂരപ്പറമ്പിലേക്കെത്തിക്കുന്നതായിരുന്നു. ഡിജിറ്റൽ വെടിക്കെട്ടോടെയാണ് ‘മസ്കത്ത് പൂരം’ പര്യവസാനിച്ചത്. രവി പാലിശ്ശേരി, ചന്തു മിറോഷ്, ജയരാജ് മുങ്ങത്ത്, രാജേഷ് കായംകുളം, സതീഷ്കുമാർ, സുരേഷ് ഹരിപ്പാട്, വിജി സുരേന്ദ്രൻ, അനിത രാജൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
പൂരത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ മാമാങ്കകുതിര, കാള, തെയ്യം, തിറ, കരിങ്കാളി, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, ഒമാനി കലാകാരന്മാർ അവതരിപ്പിച്ച ഒമാനി പൈതൃക ഡാൻസ് തുടങ്ങിയവ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

