മസ്കത്ത് നൈറ്റ്സ്; ആഘോഷത്തിനൊരുങ്ങി നഗരം
text_fieldsമസ്കത്ത്: ഒരു മാസം നീളുന്ന ആഘോഷത്തിനായി മസ്കത്ത് നഗരം ഒരുങ്ങുന്നു. സാംസ്കാരിക, വിനോദ, കായിക പരിപാടികൾ സമ്മേളിക്കുന്ന മസ്കത്ത് നൈറ്റ്സ് 2026’ ജനുവരി ഒന്നു മുതൽ 31 വരെയാണ് നടക്കുക. ശീതകാല സീസണിനെ ലക്ഷ്യമിട്ടുള്ള പരിപാടികളിലൂടെ മസ്‌കത്ത് ഗവർണറേറ്റ് മുഴുവൻ ഉത്സവാന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. മസ്‌കത്ത് നൈറ്റ്സിന്റെ വിശദാംശങ്ങൾ അധികൃതർ പുപ്പെടുവിച്ചു.
ഖുറം നേച്ചർ പാർക്ക്, ആമിറാത്ത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപറ ഹൗസ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അൽ ഖൂദ് എന്നിവയെ കൂടാതെ വിവിധ വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളും പരിപാടികൾക്ക് വേദിയാവും. മസ്‌കത്ത് നൈറ്റ്സ് 2026-ൽ ‘സിറാജ്’ എന്ന പ്രതീക കഥാപാത്രത്തെ അവതരിപ്പിക്കും. നഗരത്തിന്റെ ആകാശത്ത് സഞ്ചരിക്കുന്ന പ്രകാശത്തിൽ ഒമാനി കുട്ടി എന്ന ആശയത്തിൽ രൂപകൽപന ചെയ്ത ഈ കഥാപാത്രം, മസ്‌കത്ത് നൈറ്റ്സിന്റെ കഥാപരവും ദൃശ്യവുമായ ആകർഷണമായി മാറും. അൽ ഖുറം പാർക്കിലെ തടാകം സംഗീതവും വെളിച്ചവും ഒത്തുചേരുന്ന വാട്ടർ ഫൗണ്ടൻ ഷോ കൊണ്ട് വർണവിസ്മയം തീർക്കും. ഓപൺ എയർ തിയറ്റർ പോലെ സജ്ജീകരിക്കുന്ന ഇവിടെ കലയും സാങ്കേതികതയും സമന്വയിക്കുന്ന ദൃശ്യവിരുന്ന് ഉത്സവത്തിന്റെ പ്രധാന ഹൈലൈറ്റായി മാറും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയാകുന്ന സർക്കസിൽ അന്താരാഷ്ട്ര കലാകാരന്മാർ അവതരിപ്പിക്കുന്ന അക്രോബാറ്റിക്‌സ്, എയർ ആക്ടുകൾ, ബാലൻസ് പ്രകടനങ്ങൾ എന്നിവ അരങ്ങേറും. നൂതന ഒപ്റ്റിക്കൽ പ്രകാശ തരംഗങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ ത്രിമാന വർണ ചിത്രങ്ങൾ തീർക്കും. സർക്കസിൽ കുട്ടികൾക്കായി പ്രത്യേകം മേഖല ഒരുക്കും.
ഖുറം നേച്ചർ പാർക്കിൽ ഓരോ രാത്രിയും മസ്‌കത്തിന്റെ സാംസ്കാരിക -കലാ പ്രതീകങ്ങളെ ആസ്പദമാക്കിയ ഡ്രോൺ ലൈറ്റ് ഷോകൾ നടക്കും. ‘മാഷ ആൻഡ് ദ ബെയർ’ തീമിൽ അവതരിപ്പിക്കുന്ന പരിപാടി കുട്ടികൾക്കും കുടുംബങ്ങൾക്കും സൃഷ്ടിപരമായ സാഹസിക അനുഭവം നൽകും. കാർണിവൽ മേഖലകളിൽ കുടുംബങ്ങൾക്കായി വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, പരേഡുകൾ, ദേശിയ -അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, സാംസ്കാരിക -കലാ -സംഗീത സന്ധ്യകൾ എന്നിവ നടക്കും.
മസ്‌കത്ത് നൈറ്റ്സ് 2026 -ന്റെ കായിക പരിപാടികളിൽ സൈക്ലിങ്, എൻഡ്യൂറൻസ് മത്സരങ്ങൾ, ഷൂട്ടിങ്, മാർഷൽ ആർട്സ്, സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ, ബില്ല്യാർഡ്സ്, സ്നൂക്കർ എന്നിവ ഉൾപ്പെടും. ജനുവരി 22 മുതൽ 24 വരെ അൽ അറൈമി ബുലെവാർഡിൽ ദേശിയ -അന്താരാഷ്ട്ര ടീമുകളുടെ പങ്കാളിത്തത്തോടെ മസ്‌കത്ത് നൈറ്റ്സ് 3x3 ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ് നടക്കും.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനും വാദി അൽ ഖൗദും യുവജനങ്ങളെ ലക്ഷ്യമിട്ട സാഹസിക പരിപാടികൾക്ക് വേദിയാകും. പ്രൊഫഷനൽ ഡ്രിഫ്റ്റിങ് കാർ ഷോകൾ, സിപ്‌ലൈൻ, ഔട്ട്‌ഡോർ അഡ്വഞ്ചർ പ്രവർത്തനങ്ങൾ എന്നിയും സീബ് ബീച്ചിലെ സൂർ അൽ ഹദീദ് മേഖലയിൽ ബീച്ച് ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളും പ്രഭാത ഫിറ്റ്നസ് സെഷനുകളും നടക്കും.
ക്ലാസിക്, ആധുനിക മോട്ടോർസൈക്കിളുകൾ ഉൾക്കൊള്ളുന്ന പ്രദർശനത്തിനൊപ്പം സുരക്ഷിത റൈഡിങിന്റെ അവതരണങ്ങളും സാങ്കേതിക ഡെമോകളും നടക്കും.
പുതിയ രൂപകൽപനയോടെ മസ്‌കത്ത് നൈറ്റ്സിൽ പൈതൃക ഗ്രാമം തിരിച്ചെത്തും. ആമിറാത്ത് പബ്ലിക് പാർക്കും അൽ ഖുറം നേച്ചർ പാർക്കും വേദിയാകുന്ന പൈതൃക ഗ്രാമത്തിൽ പരമ്പരാഗത കൈത്തൊഴിലുകൾ, ജനകീയ കലകൾ, ഒമാനി വിഭവങ്ങൾ, പൈതൃക വാസ്തുവിദ്യാ പരിസരങ്ങൾ എന്നിവ അവതരിപ്പിക്കും.
അൽ ഖുവൈർ സ്ക്വയറിൽ ഒമാൻ ഡിസൈൻ വീക്ക് സംഘടിപ്പിക്കും. ഡിസൈനർമാർ, കലാകാരന്മാർ, നവാത്മക ചിന്തകർ എന്നിവർ പങ്കെടുക്കുന്ന ഈ വേദി നവീകരണം, നഗര സൗന്ദര്യം, സുസ്ഥിരത എന്നീ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന കലാസൃഷ്ടികൾക്കുള്ള തുറന്ന പ്രദർശനമാകും. റോയൽ ഒപ്പറ ഹൗസിൽ ഫാഷൻ വീക്ക് സംഘടിപ്പിക്കും. അന്താരാഷ്ട്ര ഡിസൈനർമാരുടെ പങ്കാളിത്തത്തോടെയാണ് ഫാഷൻ ഷോ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

