മസ്കത്ത് നൈറ്റ്സിന് തുടക്കം;നഗരത്തിന് ഇനി 17 സുന്ദരരാവുകൾ
text_fieldsമസ്കത്ത് നൈറ്റ്സിന്റെ ആഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: തലസ്ഥാന നഗരിയിലെ ആഘോഷരാവുകൾക്ക് വാതിൽ തുറന്ന് മസ്കത്ത് നൈറ്റ്സിന് തുടക്കം. ഇനിയുള്ള 17 ദിനങ്ങൾ വിനോദത്തിന്റെ പുത്തൻ കാഴ്ചകളുമായി നഗരജീവിതം നിറഞ്ഞൊഴുകും. ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലു വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി പത്തു വരെയാണ് പരിപാടികൾ. വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയങ്ങളിൽ പരിപാടികൾ നടക്കും.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത വേദികളില്‍ ലേസര്‍, ഡ്രോണ്‍ ഷോകള്‍, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും. റോയൽ ഒമാൻ പൊലീസ്, സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് മസ്കത്ത് മുനിസിപ്പാലിറ്റി പരിപാടി സംഘടിപ്പിക്കുന്നത്. ഒമാനി പരമ്പരാഗത കലാരൂപങ്ങളെ അടുത്തറിയാനുള്ള വേദിയായി മസ്കത്ത് നൈറ്റ്സ് മാറും. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഫെസ്റ്റിവൽ നടക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആവേശം നൽകിട്ടുണ്ട്.
ആദ്യ ദിവസംതന്നെ നൂറുകണക്കിന് കുടുംബങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയത്. വരും ദിവസങ്ങളിൽ ഇതിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്ത് താപനില കുറഞ്ഞത് അനുകൂല ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

