മസ്കത്ത് നൈറ്റ്സ്; ആഘോഷ പരിപാടികൾ നാലു വേദികളിൽ
text_fieldsമസ്കത്ത് നൈറ്റ്സുമായി ബന്ധപ്പെട്ട് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് മുഹമ്മദ് അൽ ഹുമൈദിയുടെ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനം
മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സ് നാലു വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ അരങ്ങേറുക. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനം അനുവദിക്കും.
വിനോദ പരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ മാറും. ടിക്കറ്റ് ബുക്ക് ചെയ്യാനും പരിപാടികളുടെ ഷെഡ്യൂൾ കാണാനും സാങ്കേതികവിദ്യ ഉപയോഗിക്കും. അൽ നസീം പാർക്കിൽ പൈതൃകഗ്രാമം ഒരുക്കും. ഇത്തവണ ഗവർണറേറ്റുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും അധികൃതർ പറഞ്ഞു. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിന്റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് പരിപാടികൾ സജ്ജീകരിച്ചിരിക്കുന്നത്. സുൽത്താനേറ്റിൽനിന്നുള്ള കലാകാരന്മാർക്ക് മാത്രമായി കച്ചേരികൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. നാലു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന മസ്കത്ത് ഫെസ്റ്റിവലിന്റെ പിൻഗാമിയായി വരുന്ന മസ്കത്ത് നൈറ്റ്സ് നഗരങ്ങൾക്ക് കൂടുതൽ ഉണർവേകും. 2019 ജനുവരിയിലാണ് അവസാനമായി മസ്കത്ത് ഫെസ്റ്റിവൽ നടന്നത്. ജനുവരി 10ന് ആരംഭിച്ച ഫെസ്റ്റിവൽ ഫെബ്രുവരി ഒമ്പതിനാണ് അവസാനിച്ചത്.
അമീറാത്ത്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ഫെസ്റ്റിവൽ നടന്നത്. 2020ൽ മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണം മൂലം ഫെസ്റ്റിവൽ നിർത്തിവെക്കുകയായിരുന്നു. 2021ലും 2022ലും കോവിഡ് പ്രതിസന്ധിമൂലം ഫെസ്റ്റിവൽ നടന്നിരുന്നില്ല. ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ നാടും നഗരവും ഉത്സവ സീസണിലേക്ക് നീങ്ങുന്നത് വ്യാപാര മേഖലക്ക് അനുഗ്രഹമാവും. നഗരങ്ങളിൽ തിരക്ക് വർധിക്കാനും കൂടുതൽ ആളുകൾ നഗരത്തിലേക്ക് എത്തുന്നതും ഹോട്ടൽ അടക്കമുള്ള മേഖലകളിൽ വൻ ഉണർവുണ്ടാക്കുമെന്നാണ് ഇൗ മേഖലയിലുള്ളവർ കരുതുന്നത്. മസ്കത്ത് നൈറ്റ് സജ്ജീകരണത്തിന്റെ ഭാഗമായി ഖുറം പാർക്, നസീം ഗാർഡൻ എന്നിവ അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

