കാണാം, ഈ സുന്ദരകാഴ്ചകൾ ഇന്നുംകൂടി...
text_fieldsമസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: ഒരുമാസത്തിലേറെ സുന്ദരകാഴ്ചകൾ സമ്മാനിച്ച് തലസ്ഥാന നഗരിയുടെ വിവിധ വേദികളിലായി നടന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന് ശനിയാഴ്ച തിരശ്ശീല വീഴും. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് വേദികളിലേക്ക് ഒഴുകിയത്. ഫെസ്റ്റിവലിലെ സുന്ദര മുഹൂർത്തങ്ങൾ അവസാനമായി ഒരുവട്ടംകൂടി കാണാനായി കുട്ടികളും സ്ത്രീകളും ഒഴുകിയതോടെ നല്ല തിരക്കാണ് വിവിധ വേദികളിലായി അനുഭവപ്പെട്ടത്. ഈ വർഷത്തെ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഒമാനി പരമ്പരാഗത ഗ്രാമമായ ഹെറിറ്റേജ് വില്ലേജ്. സുഗന്ധദ്രവ്യങ്ങളുടെയും അതിന്റെ ഉൽപന്നങ്ങളുടെയും വിശാലമായ ലോകം ഇവിടെ തുറന്നിരുന്നു.
ദൈനംദിന സാംസ്കാരിക പരിപാടികൾക്കും പ്രമുഖ പണ്ഡിതരുടെയും കവികളുടെയും പ്രഭാഷണങ്ങളും നഗരി വേദിയായി. ഈ വർഷം മസ്കത്ത് നൈറ്റ്സിൽ പുതിയതും നൂതനവുമായ പരിപാടികളാണ് ഒരുക്കിയിരുന്നതെന്ന് മസ്കത്ത് നൈറ്റ്സ് കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. ധാരാളം പുതിയ കലാകാരന്മാർ, ട്രൂപ്പുകൾ, ആശയങ്ങൾ എന്നിവ ഈ വർഷം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനും ഉല്ലാസത്തിനും അപ്പുറം നൂറുകണക്കിന് ഒമാനി ചെറുകിട ഇടത്തരം സംരംഭ ഉടമകൾക്ക് അവരുടെ നെറ്റ്വർക്കിങ് തന്ത്രത്തിനുള്ള വേദിയായി മസ്കത്ത് നൈറ്റ്സ് മാറി.
ഫെസ്റ്റിവൽ ഗ്രൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ സന്ദർശകരിലേക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ കഴിഞ്ഞു. ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ഫെസ്റ്റിവലിലേക്ക് എത്തിയിട്ടുള്ളത്.സുഖകരമായ കാലാവസ്ഥയായതിനാൽ സ്ത്രീകളും കുട്ടികളടക്കമുള്ള സന്ദർശകർ വിവിധ വേദികളിലേക്കായി ഒഴുകുകയായിരുന്നു. ഏതുപ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂ ത്രണം ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നത്. ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
വാരാന്ത്യദിനങ്ങളിലാണ് മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെട്ട വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയതിനാലാണ് ഇത്രയും ആളുകൾ ഇവിടേക്ക് എത്തിയതെന്ന് മസ്കത്ത് നൈറ്റ്സ് പ്രവർത്തനങ്ങളുടെ മെയിൻ കമ്മിറ്റി അംഗവും അമീറാത്ത് പാർക്ക് പ്രവർത്തന കമ്മിറ്റി ചെയർമാനുമായ യാസർ ബിൻ സലിം അൽ അമേരി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

