‘മസ്കത്ത് നൈറ്റ്സി’ന് ഇന്ന് തിരശ്ശീല വീഴും
text_fieldsമസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിപാടി
മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷ കാഴ്ചകൾ സമ്മാനിച്ച് നടന്ന ‘മസ്കത്ത് നൈറ്റ്സി’ന് ശനിയാഴ്ച തിരശ്ശീല വീഴും. വാരാന്ത്യ അവധിയും സമാപനദിനവും ആയതിനാൽ കൂടുതൽ ആളുകൾ നഗരിയിലേക്ക് ശനിയാഴ്ച ഒഴുകും. തണുത്ത കാലാവസ്ഥയായിട്ടും നിറഞ്ഞ വേദികളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ പരിപാടികൾ നിറഞ്ഞാടിയത്. ഖുറം നാച്ചുറല്‍ പാര്‍ക്ക്, ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്റര്‍, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന് ഗ്രൗണ്ട്, നസീം പാർക്ക് എന്നിവിടങ്ങളിലാണ് ഈ വർഷത്തെ ‘മസ്കത്ത് നൈറ്റ്സി’ലെ പരിപാടികൾ നടക്കുന്നത്. സമാപന ദിവസത്തില്‍ വ്യത്യസ്തമായ ലേസര്‍ ഷോകളും അരങ്ങേറും.ഗെയിമുകൾ, വിനോദ-സാംസ്കാരിക പരിപാടികൾ, മാജിക് ഷോ തുടങ്ങിയവ ആസ്വദിക്കാനായി കുടുംബവുമായാണ് പലരും വേദികളിൽ എത്തുന്നത്. ഇ-ഗെയിമുകൾ കുട്ടികളെയും യുവാക്കളെയുമാണ് കൂടുതലും ആകർഷിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന ഗെയിമുകൾ ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാണ് നൽകുന്നത്. യുവാക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് മസ്കത്ത് നൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ നടന്നിരുന്നത്. വാരാന്ത്യങ്ങളിൽ ഖുറം നാച്ചുറൽ പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ 12 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. സാഹസിക വിനോദങ്ങൾ, ഫുഡ്കോർട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളെ ആകർഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോൺ, ലേസർ ഷോകൾ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

