മസ്കത്ത് മുനിസിപ്പാലിറ്റി ഏഴ് പാർക്കുകൾ വികസിപ്പിക്കുന്നു
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റി ആഭ്യന്തര ടെൻഡർ കമ്മിറ്റി യോഗത്തിൽ അനുമതി നൽകിയ വിവിധ പാർക്കുകളുടെ വികസന രൂപരേഖ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റസിഡൻഷ്യൽ പാർക്ക് വികസന പദ്ധതികൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി കരാർ അനുവദിച്ചു. ദാർസൈത്തിലെ മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേർന്ന ആഭ്യന്തര ടെൻഡർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എൻജിനീയർ അഹ്മദ് ബിൻ സഈദ് അൽ അംരി അധ്യക്ഷതവഹിച്ചു.
വാദി കബീർ പാർക്ക്, അൽ ഖൈറാൻ വില്ലേജ് പാർക്ക്, ആമിറാത്ത് പാർക്ക്, മബേലയിൽ രണ്ട് പാർക്കുകൾ, ഖുറയാത്ത് പാർക്ക്, അൽ റവിയ പാർക്ക് എന്നിവയാണ് നവീകരിക്കുക. റസിഡൻഷ്യൽ മേഖലകളിലെ പാർക്കുകളുടെ എണ്ണം വർധിപ്പിക്കുക, നഗര സൗന്ദര്യം മെച്ചപ്പെടുത്തുക, സാമൂഹികക്ഷേമവും പൊതുസൗകര്യങ്ങളും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് നടപ്പുവർഷത്തിൽ നടപ്പാക്കുന്ന മുനിസിപ്പാലിറ്റിയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് കരാർ അനുവദിച്ചത്.
2,363 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വാദി കബീർ പാർക്കിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ലൈറ്റിങ്, ഇരിപ്പിടങ്ങൾ, തണലിടങ്ങൾ എന്നിവ ഉൾപ്പെടുത്തും. അതുപോലെ, 5,878 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ ഖിറാൻ ഗ്രാമ പാർക്ക് പുനരുദ്ധരിക്കാനും തീരുമാനിച്ചു. അൽ ആമിറാത്തിൽ 8,750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ റസിഡൻഷ്യൽ പാർക്ക് നിർമിക്കും. ഇവിടെ വിവിധോദ്ദേശ്യ കായിക കോർട്ട്, തണലിടങ്ങൾ, ലൈറ്റിങ്, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയുണ്ടാകും.
മബേലയിൽ രണ്ട് റെസിഡൻഷ്യൽ പാർക്കുകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒന്നിന് 7,417 ചതുരശ്ര മീറ്ററും മറ്റൊന്നിന് 10,091 ചതുരശ്ര മീറ്ററും വിസ്തീർണമുണ്ട്. ഇരുപാർക്കുകളിലും ലൈറ്റിങ്, ഇരിപ്പിടങ്ങൾ, കളിസ്ഥലങ്ങൾ, തണലിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഒരുക്കും.
ഇതിൽ ഒരു പാർക്കിൽ കഫെയും പൊതുശൗചാലയങ്ങളും ഉൾപ്പെടും. കൂടാതെ, ഖുറയ്യാത്തിൽ 7,698 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള റസിഡൻഷ്യൽ പാർക്ക് നിർമാണത്തിനും 251 ചതുരശ്ര മീറ്റർ മസ്കത്തിലെ അൽ റവിയ പാർക്ക് വികസനത്തിനും യോഗം അംഗീകാരം നൽകി. അൽ റവിയ പാർക്കിൽ കളിസ്ഥലം, ഹരിത പ്രദേശങ്ങൾ, ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

