ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: ഭിന്ന ശേഷിക്കാർക്ക് കൂടുതൽ പരിരക്ഷ നൽകാനും സൗകര്യം ഒരുക്കാനും മസ്കത്ത് മുനിസിപ്പാലിറ്റി. എല്ലാ മേഖലകളിലും തുല്യമായ പരിഗണയും സമൂഹത്തിന്‍റെ ഭാഗമാക്കാനുള്ള സമഗ്ര പദ്ധതികളുമാണ് മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി പാർക്കുകളിൽ ഇവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭാഗങ്ങൾ രൂപ കൽപന ചെയ്യുന്നുണ്ട്.
മറ്റുള്ളവർക്ക് ഭിന്നശേഷിക്കാരുമായി ഇടപഴകാൻ ഈ സംവിധാനങ്ങൾ സഹായിക്കും. ഇത്തരം പദ്ധതികൾ നടപ്പിലക്കുന്നതിന്‍റെ ഭാഗമായി ഈ മേഖലയിൽ പ്രാവീണ്യമുള്ള പ്രത്യേക ഫോറം മസ്കത്ത് ഗവർണ്ണറുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ചിരുന്നു.
കെട്ടിടങ്ങളും പദ്ധതികളും നിർമിക്കുേമ്പാൾ അംഗീകാരം ലഭിക്കണമെങ്കിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നടക്കമുള്ള നിരവധി നിയമങ്ങൾ മുനിസിപ്പാലിറ്റിയിലുണ്ട്. കെട്ടിടം നിർമിക്കുേമ്പാൾ ഇത്തരക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയെന്നത് ഇതിൽ പ്രധാനമാണ്. മസ്കത്ത് മുനിസിപ്പാലിറ്റി പെതുമേഖലാ സ്വകാര പാർക്കിങുകളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് സംവിധാനം നിശ്ചയിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് പ്രത്യേകം മാർക്ക് ചെയ്ത പാർക്കിങ് മേഖലയാണുള്ളത്.
പാതയോരങ്ങളിലും മറ്റും ഇവർക്ക് പ്രയാസമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങളിൽ ശുചിമുറി സൗകര്യങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കണം. ഇത്തരം സൗകര്യങ്ങൾ ഭിന്നശേഷിക്കാർക്ക് പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്തായിരിക്കണമെന്നും ഇവർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന രീതിയിലുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കമെന്നതും മുനിസിപ്പാലിറ്റിയുടെ നിയമത്തിലുണ്ട്. മസ്ജിദുകൾ, ആഘോഷ ഹാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ മറ്റ് ഹാളുകൾ എന്നിവിടങ്ങളിലും ഭിന്ന ശേഷിക്കാർക്ക് പ്രയാസമില്ലാതെ നീങ്ങാനും സഞ്ചരിക്കാനും സൗകര്യമുണ്ടായിരിക്കണം.