മസ്കത്ത് മെട്രോ റൂട്ട് ഹൈതം സിറ്റി മുതല്‍ റൂവി വരെ
text_fieldsമസ്കത്ത്: ഗ്രേറ്റർ മസ്കത്തിന്റെ ഭാഗമായുള്ള മെട്രോ പദ്ധതിയുടെ റൂട്ട് നിര്‍ദിഷ്ട സുല്‍ത്താന്‍ ഹൈതം സിറ്റി മുതല്‍ റൂവി വരെയായിരിക്കും. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗ്രേറ്റർ ഹാളിൽ യുവജനങ്ങളുമായി നടത്തിയ യോഗത്തിൽ ഭവന, നഗരാസൂത്രണ മന്ത്രി ഖൽഫാൻ ബിൻ സെയ്ദ് അൽ ഷുവൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകോത്തര നിലവാരത്തിൽ തലസ്ഥാന നഗരിയിൽ ഒരുങ്ങുന്ന ബഹുജന ഗതാഗത ശൃംഖലയായ മസ്കത്ത് മെട്രോയുടെ റൂട്ടുകളുടെ ക്രമീകരണം അന്തിമഘട്ടത്തിലാണെന്ന് ഭവന-നഗര ആസൂത്രണ മന്ത്രാലയത്തിലെ അർബൻ സ്ട്രാറ്റജി എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം ബിൻ ഹമൂദ് അൽ വഈലി കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു.
ഭാവിയിലെ ജനസംഖ്യാ വളർച്ചയെ ഉൾക്കൊള്ളുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ഗതാഗത -ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള ബഹുമുഖ പ്രത്യേക വികസന പദ്ധതിയാണ് ഗ്രേറ്റർ മസ്കത്ത്.നൽകേണ്ട നഷ്ടപരിഹാരത്തിന്റെ അളവ് കുറക്കുക, എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക, മസ്കത്തിലെ തന്ത്രപ്രധാന മേഖലകളിൽ പ്രധാന സ്റ്റേഷനുകളുടെ ലഭ്യത തുടങ്ങി ഒരുകൂട്ടം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മെേട്രാ പദ്ധതിയുടെ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.
മെട്രോ റെയിൽ സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തിന്റെ ആദ്യത്തിൽ കൺസൽട്ടസി പഠനത്തിനുള്ള ടെൻഡറുകൾ ഗതാഗത മന്ത്രാലയം നൽകിയിരുന്നു.
പദ്ധതിയുടെ ചെലവ്, സുരക്ഷ, ഗുണനിലവാരം പൂർണമായി പാലിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

