മസ്കത്ത് മെട്രോപദ്ധതി; പ്രഖ്യാപനം രണ്ടു മാസത്തിനകം
text_fieldsമസ്കത്ത്: മസ്കത്ത് മെട്രോപദ്ധതി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി അറിയിച്ചു. മസ്കത്തിൽ തിങ്കളാഴ്ച നടന്ന മന്ത്രാലയത്തിന്റെ വാർഷിക വാർത്തസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഭൂതല ഗതാഗത ട്രാക്കിങ് പദ്ധതിയുമായി (ലാൻഡ് ട്രാൻസ്പോർട്ട് ട്രാക്കിങ് പ്രോജക്ട്) മസ്കത്ത് മെട്രോ ബന്ധിപ്പിച്ചിരിക്കുകയാണെന്നും രണ്ട് മാസത്തിനുള്ളിൽ ട്രാക്കിങ് പദ്ധതി ഒപ്പുവെക്കുന്നതിന് പിന്നാലെ മസ്കത്ത് മെട്രോ പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ മസ്കത്ത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക, നഗരത്തിന്റെ വളർച്ചയെ ഉൾക്കൊള്ളുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക, സുസ്ഥിരമായ നഗരവികസനം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മെട്രോ പദ്ധതി നിലവിൽ സാധ്യത പഠനഘട്ടത്തിലാണ്. ഏകദേശം 50 മുതൽ 55 കിലോമീറ്റർ നീളമുള്ള മെട്രോ ലൈനാണ് പദ്ധതിയിലുള്ളത്. സുൽത്താൻ ഹൈതം സിറ്റിയിൽനിന്ന് ആരംഭിച്ച് റൂവി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (റൂവി സി.ബി.ഡി) വരെയാണ് മെട്രോ സർവിസ് നടത്തുക. റൂട്ടിൽ ഏകദേശം 36 മുതൽ 42 വരെ സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഗാല, അൽ ഖുവൈർ ഡൗൺടൗൺ, മത്ര തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ മെട്രോപാത കടന്നുപോകും. മസ്കത്തിലെ പ്രധാന ജനവാസ, വാണിജ്യ കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന മസ്കത്ത് മെട്രോ ഒമാൻ വിഷൻ 2040 ന്റെ ഭാഗമായുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതി കൂടിയാണ്.
ഐ.ടി മേഖലയിലെ സ്വദേശിവത്കരണം 45.5 ശതമാനമായി
മസ്കത്ത്: ഒമാനിലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) മേഖലയിലെ സ്വദേശിവത്കരണം 45.5 ശതമാനമായി ഉയർന്നതായി ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി പറഞ്ഞു. ഗതാഗത -ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്ന ഒമാനി പൗരന്മാരുടെ എണ്ണം 22 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം 22 ആയി ഉയർന്നപ്പോൾ, ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ 25 ആയി. ഡിജിറ്റൽ ടിക്കറ്റിങ് പ്ലാറ്റ്ഫോം, വാഹന ട്രാക്കിങ് സംവിധാനം (ഐ.വി.എം.എസ്), സ്മാർട്ട് വെയിങ് സ്കെയിലുകൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള യാഡുകൾ, പൊതുഗതാഗത സ്റ്റേഷനുകളുടെ നിർമാണം തുടങ്ങിയവയാണ് മന്ത്രാലയം നിലവിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികൾ.
വകുപ്പിന് കീഴിലെ ലെ മറ്റു പദ്ധതികളുടെ വിശദാംശങ്ങളും മന്ത്രി വാർത്ത സമ്മേളനത്തിൽ വിവരിച്ചു. കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 2025-ഓടെ മൊത്തം നിക്ഷേപം 1.2 ബില്യൺ ഒമാനി റിയാലായി ഉയർന്നതായും ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ മാത്രം ഏകദേശം 65 മില്യൺ റിയാൽ നിക്ഷേപം ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള 160 ചാർജിങ് പോയിന്റുകൾ 2025-ൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ചു. 2026-ൽ ഇത് 200 ചാർജിങ് സ്റ്റേഷനുകളായി ഉയർത്തും. ഒമാനിൽ ഹൈഡ്രജൻ ഉൽപാദനം, വിതരണം എന്നിവക്കുള്ള ആദ്യ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള ആദ്യ 15 ലഘുവാഹനങ്ങൾ നിരത്തിലിറങ്ങി. 2026ൽ ഏകദേശം 1,120 കിലോമീറ്റർ റോഡ് നിർമാണ പദ്ധതികൾ നടപ്പാക്കും. 1.2 ബില്യൺ റിയാലാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്.
ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ മൊത്തം 3.4 ബില്യൺ റിയാൽ നിക്ഷേപം ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ഒമാനിലെ തുറമുഖങ്ങളിൽ 2025-ൽ കൈകാര്യം ചെയ്ത ചരക്കുകളുടെ അളവ് 143 മില്യൺ ടണ്ണുകൾക്ക് മുകളിലേക്ക് ഉയർന്നു. അതോടൊപ്പം 60 ടൂറിസ്റ്റ് കപ്പലുകൾ തുറമുഖങ്ങളിൽ എത്തി, ഇതിലൂടെ ഏകദേശം രണ്ടു ലക്ഷം യാത്രക്കാരെ രാജ്യം സ്വാഗതം ചെയ്തു. ഷിനാസ് തുറമുഖത്തിന്റെ നടത്തിപ്പ്, പ്രവർത്തനം, വികസനം സംബന്ധിച്ച കരാർ, ഗ്രീൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കപ്പൽ സ്ക്രാപ്പിങ്, റീസൈക്ലിങ് മേഖലയിൽ നിക്ഷേപത്തിനുള്ള കരാർ എന്നിവ 2026ൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്ന കരാറുകളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

