മസ്കത്ത്-കോഴിക്കോട്, കണ്ണൂർ എയർ ഇന്ത്യ എകസ്പ്രസ് വൈകി; ദുരിതംപേറി യാത്രക്കാർ
text_fieldsകോഴിക്കോട്ടേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
മസ്കത്ത്: മസ്കത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ റൂട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകൾ വൈകിയത് യാത്രക്കാരെ വലച്ചു. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കേരളത്തിലെ പ്രതികൂല കാലാവസ്ഥയാണ് വിമാനങ്ങൾ വൈകാൻ കാരണമായത് എന്നാണ് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ അറിയിച്ചത്.
തിങ്കളാഴ്ച പുലർച്ച 2.50നുള്ള ഐ.എക്സ് 338 വിമാനം പത്തുമണിക്കൂറോളം വൈകി ഉച്ചക്ക് 12 മണിക്കാണ് യാത്ര തിരിച്ചത്. ആദ്യം രണ്ടുമണിക്കൂർ വൈകി പുറപ്പെടുമെന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്.
പിന്നീട് ഇത് ഉച്ചയോടെ മാത്രമേ തിരിക്കുകയുള്ളൂ എന്ന് അറിയിപ്പ് നൽകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കുറച്ച് യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി വിമാനത്തിലേക്ക് കയറ്റുകയും പിന്നീട് കൗണ്ടർ അടക്കുകയും ചെയ്തു. ഇതോടെ മറ്റ് യാത്രക്കാർ ബഹളം വെച്ചതോടെ കൗണ്ടർ തുറന്ന് ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ഇവരെ ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഭക്ഷണങ്ങളും മറ്റും നൽകിയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
വിമാനം വൈകിയത് ചികിത്സക്കും മറ്റ് അടിയന്തരാവശ്യങ്ങൾക്കും യാത്രക്ക് പുറപ്പെട്ടവരെയാണ് ഏറെ ബാധിച്ചത്. നാട്ടിൽപോയിട്ട് അന്നുതന്നെ തിരിച്ച് വരുന്നവരും യാത്രക്കാരിൽ ഉണ്ടായിരുന്നു.
ഒമാന്റെ ദൂരദിക്കുകളിൽനിന്ന് വളരെ നേരത്തേ എത്തിയവരായിരുന്നു പലരും. ഇവിടെ എത്തിയപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും മറ്റ് ബദൽ മാർഗം ഒരുക്കാത്തതും എയർ ഇന്ത്യ എക്സ്പ്രസിന്റെ തികച്ചും നിരുത്തരവാദിത്ത സമീപനമാണെന്ന് യാത്രക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

